HOME
DETAILS

കുട്ടികള്‍ കളിപ്പാട്ടമല്ല, കളിഭാവന കുട്ടിക്കളിയുമല്ല

  
backup
May 15 2016 | 06:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%b2

കുട്ടിക്കളികളാണ് മനുഷ്യരെ വലുതാക്കുന്നത്. കളിപ്പാട്ടങ്ങള്‍ കുട്ടികളുടെയല്ല, മനുഷ്യവര്‍ഗത്തിന്റെ സര്‍ഗാത്മകതയെയാണ് പരിപോഷിപ്പിക്കുന്നത്. ഏതുതരം സമൂഹങ്ങളിലാണെങ്കിലും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതും അതുപയോഗിച്ചു കളിക്കുന്നതും സാധാരണമാണ്. കളിഭാവന പ്രകൃതി വസ്തുക്കളെ വിലയുറ്റതാക്കുന്നു. കളിഭാവന ചുള്ളിക്കമ്പിനെ വാളും പാളക്കഷ്ണത്തെ പരിചയുമാക്കുന്നു. വടിത്തണ്ടിനെ തോക്കാക്കുന്നു. പിഞ്ഞാണക്കഷ്ണങ്ങള്‍ നാണയവും പേപ്പറിന്‍ചതുരങ്ങള്‍ രൂപയുമാകുന്നു. കളിഭാവനയില്‍ വളപ്പൊട്ടുകളും കുന്നിക്കുരുവും മിഠായിപ്പൊതികളും ബലൂണ്‍കഷ്ണങ്ങളും വിലയുറ്റതാകുന്നു. പഴയകാലങ്ങളില്‍ കളിപ്പാട്ടങ്ങള്‍ അങ്ങാടിയില്‍ വാങ്ങാന്‍കിട്ടുന്നതായിരുന്നില്ല. പ്രകൃതിയോട് ഇഴുകിജീവിക്കുന്ന നാട്ടുമനുഷ്യരിലെ കുട്ടികള്‍ പ്രകൃതി വസ്തുക്കളില്‍ നിന്ന് അവയെ രൂപപ്പെടുത്തുകയാണു ചെയ്യുക. ഇന്ന് ആഗോളതലത്തില്‍ വലിയ വിപണനസാധ്യതയാണു കളിപ്പാട്ടങ്ങള്‍ക്കുള്ളത്. അതിന്റെ അര്‍ഥം നാം കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാനോ അതനുസരിച്ചു കളിക്കാനോ പ്രകൃതിയിലേക്കു വിടുന്നില്ല എന്നാണര്‍ഥം.

kanaada

 

സാമ്പത്തികമായ വളര്‍ച്ചയ്ക്കനുസരിച്ച് കുട്ടികളെ നാം കൂട്ടിലിട്ടു വളര്‍ത്തുന്നു. രക്ഷാകര്‍ത്താക്കളുടെ അഭിലാഷമനുസരിച്ച് കുട്ടിയെ മാറ്റിയെടുക്കാന്‍ അവര്‍ക്കു നല്‍കുന്ന കളിപ്പാട്ടങ്ങളില്‍ത്തന്നെ പ്ലാനിങ് നടത്തുന്നു. കുട്ടിയെ പട്ടാളക്കാരനാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിര്‍മിതമായ കളിത്തോക്കും പീരങ്കിയും കളിപ്പാട്ടങ്ങളായി നല്‍കുന്നു. പൈലറ്റാക്കാനാണെങ്കില്‍ വിമാനമാതൃകയും ഡോക്ടറാക്കാനാണെങ്കില്‍ സ്‌റ്റെതസ്‌കോപിന്റെ മാതൃകയും പരിചയപ്പെടുത്തുന്നു. സ്‌പോര്‍ട്‌സ്മാനാക്കാന്‍ ക്രിക്കറ്റോ, ഫുട്‌ബോളോ നല്‍കുന്നു. പഴയ ജീവിതസാഹചര്യങ്ങളിലെ ഗ്രാമങ്ങളിലാണ് കുട്ടികള്‍ ആഹ്ലാദിച്ച് സ്വതന്ത്രരായി വളര്‍ന്നത്. കര്‍ഷകരുടെയും മറ്റുതൊഴിലുകള്‍ ചെയ്തിരുന്നവരുടെയും മക്കള്‍ സ്വന്തമായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതിന്റെ സ്ഥാനത്ത് ഇന്ന് കുട്ടികള്‍ അങ്ങാടിയില്‍ നിന്ന് വാങ്ങുന്ന കളിപ്പാട്ടങ്ങളില്‍ മുഴുകുന്നുവെന്ന് സാരം.
കുട്ടിയറിവുകളില്‍ 'എനിക്കിതുണ്ടാക്കാനറിയാം' എന്ന് കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. അപ്പോള്‍ മറ്റു കുട്ടികള്‍ക്ക് അവരോട് ആരാധന തന്നെ തോന്നും. 'തനിക്കും കൂടി ഒന്ന് പറഞ്ഞുതരുമോ' എന്ന് ചോദിച്ചുകൊണ്ട് സൗഹൃദങ്ങള്‍ വികസിക്കുന്നു. അവിടെ അറിവുകൈമാറുന്ന രീതി കുട്ടികളില്‍ ജന്മമെടുക്കുന്നു. കേരളത്തില്‍ ഓണക്കാലത്താണ് ഇത്തരം കളിപ്പാട്ടങ്ങളുടെ കുട്ടിയറിവുകള്‍ കൂടുതലും കൈമാറുന്നത്. കാരണം കുട്ടികളുടെ കളികള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഉത്സവസന്ദര്‍ഭങ്ങളില്‍ പ്രധാനമാണ് ഓണം. അക്കാലത്ത് കളി കുട്ടികളുടെ അവകാശമാണെന്ന് മുതിര്‍ന്നവര്‍ വിശ്വസിക്കുന്നു. ഇന്ന് അയല്‍വീടുകളിലെ കുട്ടികളോട് ഒപ്പം കളിക്കാന്‍ കുട്ടികളെ അനുവദിക്കാത്ത ഒരു നാഗരികസാമൂഹ്യസാഹചര്യത്തിലേക്ക് നാം കൂപ്പുകുത്തിയിരിക്കുന്നു. അങ്ങനെയുള്ള കുട്ടികളില്‍ മാനുഷികഗുണങ്ങള്‍ ഇല്ലാതാകുന്നു. അയല്‍ക്കാരെ അന്യരായി കാണുന്നു.
കേരളത്തില്‍ തെങ്ങോലയില്‍ നിന്ന് അനേകതരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കിയിരുന്നു. കേരളപ്രകൃതിയിലെ ഏറ്റവും സവിശേഷമായ സസ്യജനുസാണ് തെങ്ങ്. ഓല മാത്രമല്ല മച്ചിങ്ങയും മടലും കൊതുമ്പും ഈര്‍ക്കിലുമെല്ലാം കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളുടെ അസംസ്‌കൃതവസ്തുക്കളായി. ഓലയില്‍ ഏറ്റവും പ്രധാനകളിപ്പാട്ടം ഓലപ്പന്ത് തന്നെയാണ്. ചതുരത്തിലും നീളത്തിലും വട്ടത്തിലുമെല്ലാം ഓലപ്പന്തുകള്‍ മെടയാന്‍ നമ്മുടെ കുട്ടികള്‍ പ്രവീണരായിരുന്നു. ഈര്‍ക്കില്‍ കളഞ്ഞ്, തുമ്പ് മുറിച്ച രണ്ടോലകള്‍ ചുവടു വേര്‍പെടുത്താതെ അതിന്റെ നാലു കീറുകള്‍ പ്രത്യേകരീതിയില്‍ വിരിച്ച് പിണഞ്ഞ് ചതുരാകൃതിയില്‍ മടക്കിയും അകത്തേക്കൊതുക്കിയും പന്ത് മെടഞ്ഞെടുക്കുന്നു. ഭാരം കൂട്ടണമെങ്കില്‍ അകത്ത് അതിനനുസരിച്ച് ചുരുട്ടിയെടുത്ത ഇലയോ കടലാസോ ചെറുകല്ലോ വയ്ക്കുന്നു. ഓലപ്പന്തുകളിക്കും പന്തുതട്ടിക്കളിക്കും ഇതുപയോഗിക്കാം. നീളമുള്ളവയാണ് വേണ്ടതെങ്കില്‍ ഒരുവശത്തെ മെടച്ചില്‍ നീട്ടി രണ്ടു പ്രാവശ്യമാക്കുന്നു. പാളകീറിയും കയറുകൊണ്ടും തോലുകൊണ്ടുമെല്ലാം പന്തുണ്ടാക്കാറുണ്ട്. ഓണക്കാലത്തെ പ്രധാന കളികളിലൊന്നാണ് ഓണപ്പന്തുകളി. അതിനാണു പ്രധാനമായും പന്തുപയോഗിക്കുക.
ഓല കൊണ്ട് കണ്ണടയും വാച്ചും മോതിരവുമെല്ലാം ഉണ്ടാക്കാറുണ്ട്. കണ്ണടയുടെ കാലുകള്‍ ഈര്‍ക്കില്‍ കൊണ്ടുള്ളതാവും. വാച്ചും മോതിരവും കുട്ടികള്‍ സ്വന്തമായുണ്ടാക്കിയതിന്റെ അഭിമാനത്തില്‍ കൗതുകത്തില്‍ ധരിച്ചുകൊണ്ടു നടക്കുന്നുണ്ടാവും. കുട്ടികളുടെ കഴിവനുസരിച്ച് അതിനു ഭംഗിയും ഉറപ്പുമുണ്ടാവും. ഓലകൊണ്ടുള്ള പമ്പരം കൊരുത്തു മധ്യത്തില്‍ ഈര്‍ക്കില്‍ തിരുകി കാറ്റിനു വിപരീതമായി ഓടിയാല്‍ അവ വേഗത്തില്‍ കറങ്ങുന്നതു കാണാം. ഓലപ്പങ്ക എന്നും ഓലക്കാറ്റാടി എന്നും ഇതിനു പേരുണ്ട്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത് എന്ന ചൊല്ലിലെ ഓലപ്പാമ്പ് രസകരമായ മറ്റൊരു കളിപ്പാട്ടമാണ്. ഈര്‍ക്കില്‍ കളഞ്ഞ ഓലയുടെ ചുവട് കുരിശാകൃതിയില്‍ പരസ്പരം മടക്കി മടക്കി അഗ്രമെത്തുമ്പോള്‍ പരസ്പരം കെട്ടിവച്ചു നിവര്‍ത്തിയാല്‍ പാമ്പിന്റെ ആകൃതി ലഭിക്കുന്നു. ഓലപ്പീപ്പിയും തെങ്ങോലകൊണ്ടാണ് ഉണ്ടാക്കുന്നത്. ഈര്‍ക്കില്‍ കളഞ്ഞ ഓല ഗോപുരാകൃതിയില്‍ ചുറ്റിച്ചുറ്റിയുണ്ടാക്കുന്നതാണ് ഇത്. വിസ്താരം കുറഞ്ഞ അഗ്രത്തിലെ ചെറുദ്വാരത്തിലൂടെ ഊതിയാല്‍ 'പീപീ' എന്ന ശബ്ദമുണ്ടാകുന്നു. ഓലപ്പീപ്പിയില്‍ പാട്ടിനെ അനുകരിക്കാന്‍ കഴിയുന്ന കുട്ടികളുണ്ട്.
തെങ്ങിലെ മച്ചിങ്ങകൊണ്ട് 'ഉരുട്ടുവണ്ടി'യുണ്ടാക്കിയിരുന്നു. വൃത്താകൃതിയുള്ള കൊച്ചങ്ങയുടെ മോടുഭാഗത്ത് കട്ടിയുള്ള ഈര്‍ക്കില്‍ഭാഗം ഒടിച്ചു കുത്തിയുറപ്പിച്ച ശേഷം മറുഭാഗം മറ്റൊന്നിലുറപ്പിച്ചാല്‍ നിലത്തുരുട്ടാവുന്ന അവസ്ഥയുണ്ടാകും. അതുപോലെ മറ്റൊരെണ്ണം കൂടിയുണ്ടാക്കി നാലുചക്രമുള്ള വണ്ടിയാക്കാനാവും. ഒരു കമ്പുകൊണ്ട് അതിനെ ഓട്ടാനാവും. നേര്‍ത്ത തടിപ്പലക കൊണ്ട് വണ്ടിയാകൃതിയുണ്ടാക്കി അതിന്റെ ചക്രമായും മച്ചിങ്ങ ഉപയോഗിക്കാറുണ്ട്. എലി കുത്തിവീഴ്ത്തുന്ന കരിക്കുകള്‍ക്ക് തൊണ്ണാന്‍ എന്നാണ് തെക്കുതീരദേശങ്ങളില്‍ പറയുക. അതിന്റെ മോടുഭാഗത്ത് എലിയുണ്ടാക്കുന്ന ചെറുദ്വാരമുണ്ടാകും. ആ ദ്വാരത്തില്‍ കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് ഒടിച്ചു വളയുന്ന അഗ്രം അതില്‍ കടത്തി ഓട്ടാന്‍ കഴിയും. കുട്ടികള്‍ അതിനെ ഓടിച്ചുനടക്കാറുണ്ട്. മച്ചിങ്ങ കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള കളിവസ്തുവാണ്. എണ്ണിപ്പഠിക്കാനും അവ ശേഖരിച്ച് ഉപയോഗിക്കാറുണ്ട്.
തേങ്ങയുടെ ചിരട്ടയാണ് മറ്റൊരു കളിപ്പാട്ടം. പലകാര്യങ്ങള്‍ക്കായി കുട്ടികള്‍ ഇതുപയോഗിക്കാറുണ്ട്. പ്രധാനമായും വീടുകെട്ടി 'അച്ഛനുമമ്മയും' കളിക്കുമ്പോഴാണ് അതുപയോഗിക്കുക. ചിരട്ടയിലാണു ചോറുവയ്ക്കുന്നതും കൂട്ടാനുണ്ടാക്കുന്നതും. വെള്ളം ശേഖരിക്കുന്നതിനും അതുപയോഗിക്കുന്നു. ഈ ചിരട്ട കല്ലടുപ്പില്‍ വച്ചു ചെറുചുള്ളികള്‍ വിറകായി സങ്കല്‍പിക്കുന്നു. മണ്ണാണു ചോറായി കരുതുക. മെടഞ്ഞ ഓലകള്‍ പായയായി സങ്കല്‍പിച്ച് അച്ഛനമ്മമാര്‍ കിടക്കുന്നു. കല്ലുപൊടിച്ച നിറമുള്ള മണ്ണോ ഇലപിഴിഞ്ഞോ കറിയായി സങ്കല്‍പിക്കുന്നു. വീടിനടുത്തു കട കെട്ടുമ്പോള്‍ ചിരട്ടകൊണ്ടു ത്രാസുണ്ടാക്കുന്നു. രണ്ടുചിരട്ടകള്‍ ചരടുകളില്‍ തൂക്കി മുകളിലെ ഇഴയില്‍ കെട്ടുന്നു. കല്ലുകള്‍ പടികളായിക്കരുതി സാധനങ്ങള്‍ തൂക്കി വില്‍ക്കുന്ന കുട്ടികളെ ഇന്നും ചില നാട്ടിന്‍പുറങ്ങളില്‍ കാണാം. പലപ്രകൃതി വസ്തുക്കളെ സാധനങ്ങളായി കളിഭാവന സങ്കല്‍പിക്കുന്നു. ഇവിടെ വീടും കടയുമുണ്ടാക്കാന്‍ കമ്പുകളും ഓലയുള്‍പ്പടെയുള്ള ഇലകളും കളിപ്പാട്ടമായിത്തീരുന്നു.
കൊതുമ്പ് കുട്ടികളുടെ മറ്റൊരു കളിപ്പാട്ടമാണ്. മഴക്കാലത്ത് കൊതുമ്പുകളെ തോണിയായി സങ്കല്‍പിച്ചു കൊതുമ്പുവഞ്ചികള്‍ ഉണ്ടാക്കുന്നു. കൊതുമ്പു ചെത്തി രൂപപ്പെടുത്തി ഈര്‍ക്കില്‍ കൊണ്ട് പടികള്‍ തീര്‍ത്ത് വെള്ളത്തിലൊഴുക്കി രസിക്കുന്നു. മുതിര്‍ന്ന കുട്ടികള്‍ ഉണങ്ങിയതേങ്ങ പുഴയിലോ കായലിലോ കുളത്തിലോ നീന്തിപ്പഠിക്കാനും കളിപ്പാട്ടമായും ഉപയോഗിക്കുന്നു. ഈര്‍ക്കില്‍ പലപ്രകാരത്തിലാണു കളിപ്പാട്ടമായിത്തീരുന്നത്. ചൂണ്ടുവിരല്‍ നീളത്തില്‍ ഒടിച്ച ഈര്‍ക്കിലുകള്‍ പത്തോ പതിനഞ്ചോ എണ്ണം നിരപ്പുള്ള നിലത്തിടുന്നു. ഇരുന്നുള്ള കളിയാണിത്. പരസ്പരം കൂടിക്കലര്‍ന്നു കിടക്കുന്ന അവയിലോരോന്നും അതിലൊന്നിന്റെ സഹായത്തോടെ വേര്‍പെടുത്തണം. ഓരോന്നായി വേര്‍പെടുത്തുമ്പോള്‍ മറ്റൊന്നും അനങ്ങാന്‍ പാടില്ല. അതുപോലെ മറ്റൊരു കളിയില്‍ ഈര്‍ക്കില്‍തുണ്ട് മണ്ണിലൊളിപ്പിക്കുന്നിടം സങ്കല്‍പിച്ചു രണ്ടാമന്‍ തന്റെ കൈകൊണ്ട് പൊത്തിപ്പിടിക്കണം. അതിനു പുറത്താണെങ്കില്‍ ഒന്നാമനു ജയം. തെങ്കട്ട ഓലകൊണ്ടുണ്ടാക്കുന്ന ഒരു തരം പമ്പരമാണ്. ഒരുമുഴം നീളത്തില്‍ ഓല മടക്കി ഈര്‍ക്കില്‍ത്തുമ്പില്‍ രണ്ടറ്റവും തുന്നിച്ചേര്‍ത്ത് ഈര്‍ക്കില്‍കൊണ്ട് 'റ' ആകൃതിയില്‍ ഘടിപ്പിക്കുന്നു.
തുന്നിയ ഈര്‍ക്കിലിന്റെ മറ്റേയറ്റം പിടിച്ചുചുഴറ്റിയാല്‍ വണ്ടിന്റെ മുഴക്കം കേള്‍ക്കാം. വേട്ടുവരിലെയും മറ്റും കുട്ടികളിതുണ്ടാക്കാന്‍ വിദഗ്ധരാണ്. ചുരുക്കത്തില്‍ തെങ്ങിന്റെ തടി ഒഴികെയുള്ള എല്ലാ ഘടകങ്ങളും കുട്ടികളുടെ കളിപ്പാട്ടമായിത്തീരാറുണ്ട്. തെങ്ങിന്റെ മടലോലയിലും മടലിലും കുട്ടികള്‍ ഇതുപോലെ ചെയ്യാറുണ്ട്. കവുങ്ങിന്റെ പാളയും കുട്ടികള്‍ക്ക് വണ്ടിയാണ്. ഒരുകുട്ടിയെ ഇരുത്തി മറ്റു കുട്ടികളതു വലിച്ചുകൊണ്ടു പോകുന്നു. തെങ്ങിന്‍ മടലില്‍ കാളയെയും പശുവിനെയും കുട്ടിയെയും ഉണ്ടാക്കി കുട്ടികള്‍ തീറ്റാന്‍ കൊണ്ടു നടക്കാറുണ്ട്. മടലില്‍ ചെവിയും കൊമ്പും അടയാളപ്പെടുത്തുന്നു. കൊമ്പിനായി മടലില്‍ കമ്പിന്‍കഷ്ണം തിരുകുന്നു. മടലിന്റെ വീതിയുള്ളഭാഗം മുറിച്ചാണു പശുവിനെയും കാളയെയുമുണ്ടാക്കുക. വീതികുറഞ്ഞ ഭാഗം പശുക്കുട്ടിയെ വെട്ടിയുണ്ടാക്കുന്നു.
കുട്ടികളുടെ ഭാവനയുടെ ഗതിവിഗതികളിലെ സര്‍ഗപരത കളിപ്പാട്ടങ്ങളെ നിര്‍മിക്കുന്നതിലും കളിപ്പാട്ടമായി സ്വീകരിക്കുന്നതിലും പ്രതിഫലിക്കുന്നതു കാണാം. വാഴത്തടകൊണ്ട് കുട്ടികള്‍ 'ടപ്പേടപ്പേ' ഉണ്ടാക്കുക സാധാരണമാണ്. വാഴത്തട ഒരുമുഴത്തില്‍ മുറിച്ച് ഒരു ഭാഗം മൂന്നായി പിളര്‍ന്നാല്‍ മധ്യഭാഗത്ത് ഇരുവശങ്ങളും കൂട്ടിമുട്ടിച്ച് 'ടപ്പേ' എന്ന ശബ്ദമുണ്ടാക്കാം. പ്ലാവിന്റെ പച്ചയിലയിലും പഴുത്തയിലയിലും കുട്ടികള്‍ കളിപ്പാട്ടമുണ്ടാക്കാറുണ്ട്. പ്ലാവിലയില്‍ പലതരം തൊപ്പികള്‍ അവര്‍ തുന്നിയുണ്ടാക്കുന്നു. രാജാവിന്റെ തൊപ്പിയും പൊലിസുകാരന്റെ തൊപ്പിയും അതിലുണ്ട്. ഈര്‍ക്കിലാണ് ഇവിടെയും ഇലകളെ കൂട്ടിയിണക്കാനുപയോഗിക്കുന്നത്. പ്ലാവിലയെ സദ്യക്കുള്ള ഇലയായും കുട്ടികള്‍ സങ്കല്‍പിക്കാറുണ്ട്. ചിലപ്പോഴതു പണമായിരിക്കും.
കടലാസില്‍ തോണിയുണ്ടാക്കി ജലയാനത്തിന്റെ അനുഭൂതിക്കായി കുട്ടികള്‍ മഴവെള്ളത്തിലൊഴുക്കുന്നു. കടലാസില്‍ത്തന്നെ തൊപ്പിയും വട്ടിയും കുട്ടയും പറക്കുന്ന ശരംകുത്തിയും വിമാനവും ഉണ്ടാക്കുന്നു. ഈര്‍ക്കിലും കടലാസും കൊണ്ടുള്ള പട്ടമുണ്ടാക്കി ആകാശത്തു പറത്തി പരിശീലിക്കും. വിരല്‍നീളത്തിലുള്ള തുണ്ടുകമ്പുകള്‍ കൂട്ടിക്കെട്ടി ഒരുമുഴം നീളമുള്ള വള്ളികോര്‍ത്തു വലിച്ചെടുത്ത് അതിന്റെ നടുവില്‍ ഒരു തകരവട്ടം കൊരുത്തിടുന്നു. ഇരുകൈകളാല്‍ വള്ളി വട്ടത്തില്‍ ചുറ്റിച്ചു തകരവട്ടത്തെ ത്രസിപ്പിച്ചാല്‍ പമ്പരമായി. കൈകളകറ്റി അടുപ്പിക്കുന്നതിനനുസരിച്ചു വണ്ടിന്റെ മൂളലോടെ പമ്പരം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഒറ്റയ്ക്കു കളിക്കാവുന്നതാണീ കളി. കറക്കുപമ്പരമെന്നാണതിനെ സാധാരണ പറയുക. 'തിരിപ്പട്ടം' കുട്ടികള്‍ കുറ്റിയും ആണിയും കൊണ്ടുണ്ടാക്കുന്ന മറ്റൊരു പമ്പരമാണ്. പലതരം കായകള്‍ കുട്ടികള്‍ക്കു പലപ്പോഴും ഇഷ്ടമുള്ള കളിപ്പാട്ടങ്ങളാണ്. പുളിങ്കുരു, കുന്നിക്കുരു, പുന്നയ്ക്ക, കശുവണ്ടി, കടല, കപ്പക്കായ തുടങ്ങിയവ കൊണ്ട് അവര്‍ അനേകം വിനോദരൂപങ്ങള്‍ ഉണ്ടാക്കാറുണ്ട്. കുട്ടികള്‍ ഇലഞ്ഞിയുടെ കായയില്‍ ഈര്‍ക്കില്‍ കുത്തി വട്ടത്തില്‍ കറക്കിക്കളിക്കാറുണ്ടായിരുന്നു.
മുതിര്‍ന്നവര്‍ക്കും അവരുടേതായ കളിപ്പാട്ടങ്ങളുണ്ട്. കാടികളിക്കാന്‍ പണ്ടുകാലത്ത് തറവാടുകളിലുണ്ടായിരുന്ന കളിപ്പാട്ടമാണ് 'കാടിപ്പലക.' പ്ലാവിലും തേക്കിലും വെള്ളോടിലും ഇവ ഉണ്ടാക്കാറുണ്ടായിരുന്നു. തേര്, ആന, കുതിര, മന്ത്രി, രാജാവ്, കാലാള്‍ എന്നിവയുടെ രൂപങ്ങളുടെ കരുക്കളും 64 കളങ്ങളുള്ള പലകയുമടങ്ങുന്ന 'ചതുരംഗക്കളിക്കോപ്പ് ' സമ്പന്നഗൃഹങ്ങളില്‍ സാധാരണമായിരുന്നു. മുതിര്‍ന്നവര്‍ കളം വരച്ചുകളിക്കുമ്പോള്‍ കരുക്കളാകുന്ന കളിക്കോപ്പ് ചെറുകല്ലുകളായിരിക്കും.
കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ പ്രകൃതിസഹജമായ പഠനസാമഗ്രിയാണ്. പ്രായോഗികതയും ഭാവനയും പരിശീലനവും അവിടെ ഒരുമിക്കുന്നു. നിസാരമെന്നു നമുക്കു തോന്നാവുന്ന ഈ കുട്ടികളുടെ നാട്ടറിവിനു മാനവികതയോളം വിലയുണ്ട്. അതളക്കാന്‍ ഇന്നത്തെ നമ്മുടെ കച്ചവടക്കണ്ണിനു പ്രാപ്തി പോര. കുട്ടികള്‍ ഒരു മരത്തെ സമീപിക്കുന്ന രീതിയിലെ സര്‍ഗാത്മകത ബോധ്യപ്പെടുത്താന്‍ ഏറ്റവും നല്ല ഉദാഹരണമാണു തെങ്ങ്. കുട്ടികള്‍ തെങ്ങിനെ അറിയുന്നത് അതിനെ പലപ്രകാരത്തില്‍ കളിപ്പാട്ടങ്ങളാക്കിക്കൊണ്ടാണ്. ആ കളിപ്പാട്ടങ്ങളില്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണവും പരീക്ഷണവുമുണ്ട്. തെങ്ങിനെക്കുറിച്ചുള്ള പ്രായോഗികജ്ഞാനമുണ്ട്. ബുദ്ധിവൈഭവവും ഭാവനയും പരിശ്രവും ആത്മവിശ്വാസവും കൈത്തഴക്കത്തിനായുള്ള പരിശ്രമവും അതില്‍ ഇഴചേരുന്നു. കുട്ടികളുടെ നാട്ടറിവില്‍ അവര്‍ ആവേദകരും പഠിതാക്കളുമായി പങ്കാളിയാവുന്നു. സാമൂഹ്യബന്ധം നിര്‍മിക്കുന്നു, കൂട്ടായ്മയുണ്ടാക്കുന്നു. സ്വന്തം കഴിവില്‍ വിശ്വാസം നേടുന്നു. നിര്‍മിതമായ കളിപ്പാട്ടത്തിലൂടെ ഇതെല്ലാം നഷ്ടമാവുകയും കുട്ടികള്‍ ഏകാന്തയിലേക്കു വ്യവസ്ഥപ്പെടുകയും ചെയ്യുകയാണ്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. കുട്ടികളെ സ്വന്തമായ ലോകത്തേക്കു വിടാതിരിക്കുന്നത് അവരിലെ മാനുഷികവും സാമൂഹ്യവുമായ ഗുണങ്ങളെ ചോര്‍ത്തിക്കളഞ്ഞ് പണമുണ്ടാക്കുന്ന യന്ത്രങ്ങളാക്കാനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago