ബഹുസ്വരത നഷ്ടപ്പെട്ടാല്‍ ഇന്ത്യ മരിക്കും: ആന്റണി
കോഴിക്കോട്: ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും ആത്മാവ് നഷ്ടപ്പെട്ടാല്‍ ഫലം മരണമായിരിക്കുമെന്നും മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരനെ ആദരിക്കാനായി സുഹൃദ്‌സംഘം സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനാത്വത്തിനും ബഹുസ്വരതക്കും എതിരായ ആക്രമണത്തെ രാഷ്ട്രീയമായി കാണരുത്. ഇന്ത്യയിലെ 130 കോടി ജനങ്ങളും 130 കോടി തരക്കാരാണ്. ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തണമെങ്കില്‍ നാനാത്വത്തില്‍ ഏകത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതു നഷ്ടപ്പെട്ടാല്‍ രാജ്യം നിലനില്‍ക്കില്ലെന്ന് താന്‍ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം തകരുമെന്ന് പ്രവചിച്ച ബ്രിട്ടീഷുകാരുടെ രാജ്യം ഉള്‍പ്പെടെ രാജ്യത്തെ മിക്ക രാജ്യങ്ങളും വെട്ടിമുറിക്കപ്പെട്ടിട്ടും വൈവിധ്യങ്ങളും സങ്കീര്‍ണതയുമുള്ള ഇന്ത്യ ലോകത്തിനു മാതൃകയായി ഇന്നും നിലനില്‍ക്കുന്നതിന് കാരണം നമ്മുടെ ബഹുസ്വരതയാണ്. കാലത്തിനുസരിച്ചുള്ള മാറ്റങ്ങളെ ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ മടി കാണിച്ചവരായിരുന്നു മാര്‍ക്‌സിസ്റ്റുകാര്‍. എന്നാല്‍ അവരും ഇന്ന് അല്‍പ്പം മാറി. കേരളത്തിലെ സാഹിത്യകാരന്മാരെ പരിപോഷിപ്പിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും കോഴിക്കോടും മലബാറും വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വായന മരിക്കുന്നില്ലെന്നതിന് തെളിവാണ് തക്ഷന്‍കുന്ന് സ്വരൂപത്തിനും അതിന്റെ എഴുത്തുകാരനും ലഭിക്കുന്ന സ്വീകാര്യത. എഴുതുംതോറും ഉള്‍ക്കാഴ്ച വര്‍ധിച്ച് കൂടുതല്‍ ജനകീയനാകുന്ന സാഹിത്യകാരനാണ് യു.കെ കുമാരനെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ 'വീടും മനുഷ്യനും യു.കെ കുമാരനും' പുസ്തകം ഡോ. എം.ജി.എസ് നാരായണന് നല്‍കി എ.കെ ആന്റണി പ്രകാശനം ചെയ്തു. എം.കെ രാഘവന്‍ എം.പി പ്രശസ്തിപത്രം സമര്‍പ്പിച്ചു. എം.ജി.എസ് നാരായണന്‍ യു.കെ കുമാരനെ പൊന്നാട അണിയിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു ആമുഖപ്രഭാഷണവും പ്രതാപന്‍ തായാട്ട് പുസ്തക പരിചയവും നടത്തി. അഡ്വ. എം. രാജന്‍ പ്രശസ്തിപത്രം വായിച്ചു. യു.എ ഖാദര്‍, പി.കെ പാറക്കടവ്, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ടി. സിദ്ദീഖ് പ്രസംഗിച്ചു. യു.കെ കുമാരന്‍ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."