റേഷന്‍ കാര്‍ഡ് കരട് പട്ടികയിറങ്ങിയപ്പോള്‍ പരാതി പ്രവാഹം
രാജപുരം: തെറ്റുകളും അബദ്ധങ്ങളും കുത്തിനിറച്ച് ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടിക പുറത്തിറങ്ങി. ദാരിദ്ര്യ രേഖയ്ക്ക് താഴെ വരേണ്ട പലരും ലിസ്റ്റില്‍ എ.പി.എല്ലിലായിട്ടുണ്ട്. എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട പലരും ബി.ബി.എല്‍ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പുറത്തിറങ്ങിയ കരട് ലിസ്റ്റില്‍ അടിമുടി തെറ്റുള്ളതിനാല്‍ തിരുത്താന്‍ തന്നെ ഏറെ സമയം ഇനിയുമെടുക്കും. ഇതോടെ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നത് വൈകുമെന്നാണ് സൂചന.
പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തയ്യാറാക്കിയ എ.പി.എല്‍, ബി.പി.എല്‍ പട്ടികയിലാണ് വ്യാപകമായി അബദ്ധങ്ങള്‍ കടന്നുകൂടിയത്. കരട് രുപരേഖയിലെ ബി.പി.എല്‍ ലിസ്റ്റിലാണ് കൂടുതല്‍ അനര്‍ഹരുടെ പേരുകളുള്ളതായി ആക്ഷേപം വന്നത്. അര്‍ഹരായ പലരും ബി.പി.എല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതാണ് വിവാദമായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എ.പി.എല്‍, ബി.പി.എല്‍ തരം തിരിക്കലിലാണ് വ്യാപകമായി തെറ്റ് കടന്നു കൂടിയിട്ടുള്ളത്. ഒരേക്കറില്‍ താഴെ സ്ഥലമുള്ളവരും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കുറഞ്ഞ വീടുള്ളവരും സര്‍ക്കാര്‍ ജോലിയില്ലാത്തവരുമാണ് ബി.പി.എല്‍ ലിസ്റ്റിന്റെ മാനദണ്ഡം. എന്നാല്‍ ഇത്തരത്തില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട പലരും ലിസ്റ്റിനു മുകളിലായിട്ടുണ്ട്.
2011 ല്‍ നടത്തിയ സര്‍വേ പ്രകാരമുള്ള ലിസ്റ്റാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ തവണ ദാരിദ്ര്യ രേഖക്ക് താഴെയുണ്ടായിരുന്ന ഇപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി ഉപഭോക്താക്കളാണ് പുതിയ കരട് പത്രികയില്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലായിട്ടുള്ളത്.
എന്നാല്‍ അനര്‍ഹര്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഇടം നേടിയത് ക്രമക്കേടിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മലയോര മേഖലകളില്‍ വ്യാപകമായ പരാതിയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. അട്ടേങ്ങാനത്ത് 50 തോളം കാര്‍ഡുകള്‍ ഇത്തരത്തില്‍ പരസ്പരം മാറിയിട്ടുണ്ട്. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭ പരിധിയിലും ഒട്ടേറെ തെറ്റുകള്‍ കരട് പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ട്.
ഉദയപുരം, ഒടയംചാല്‍, കൊട്ടോടി ,രാജപുരം, പനത്തടി തുടങ്ങി മലയോരത്തെ ഒട്ടുമിക്ക റേഷന്‍ കടകളുടെ പരിധിയിലും അനര്‍ഹര്‍ കയറിപറ്റിയെന്ന് പരാതിയുണ്ട്. സര്‍വേ നടത്തിയതിലെ അപാകതയാണ് തെറ്റിന് കാരണമെന്നും പരാതിക്കാര്‍ പറയുന്നു.
ഉപഭോക്താക്കളെ നേരിട്ട് കാണാതെയാണ് പട്ടിക തയ്യാറാക്കിയതെന്നതിന് തെളിവാണ് ഈ അബദ്ധങ്ങളെന്നും കാര്‍ഡുടമകള്‍ പറയുന്നു.
പലയിടത്തും പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയും എ.പി.എല്‍ ലിസ്റ്റിലാക്കിയിട്ടുണ്ട്. കരട് പട്ടികയില്‍ പരാതി നല്‍കാനുള്ള അവസാന തീയതി 31ആണ്.
തെറ്റു തിരുത്താന്‍ അപേക്ഷ നല്‍കി സ്വീകരിച്ചാലും പഴയപടി തന്നെയാകുമോയെന്നാണ് ബി.പി.എല്ലില്‍ നിന്നും പുറത്തായവരുടെ ഭയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."