സമാധാന ആഹ്വാനവുമായി സ്നേഹസംഗമം
കണ്ണൂര്‍: ജില്ലയുടെ സമാധാനം തകര്‍ക്കുന്ന കൊലപാതകങ്ങളില്‍ നിന്നു പിന്തിരിയണമെന്ന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്ക്വയറില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കൊലപാതകത്തില്‍ നിന്നു പിന്മാറാന് രാഷ്ട്രീയ പാര്‍ട്ടികള്‍ ദയവു കാട്ടണമെന്നും മനസില്‍നിന്ന് വിദ്വേഷം പറിച്ചുമാറ്റാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൊലയ്ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കു യാതൊരു നഷ്ടവുമുണ്ടാകുന്നില്ലെന്നും വേദനയുണ്ടാകുന്നത് നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങളിലാണ്. സഹോദരനും അച്ഛനും മകനും നഷ്ടപ്പെടുന്നവര്‍ക്ക് തീരാവേദനയാണ് ഓരോ കൊലപാതകവും നല്‍കുന്നതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
ടി.പി.ആര് നാഥ് അധ്യക്ഷനായി. രാവിലെ മുതല്‍ വേദിക്കു മുന്നില്‍ ഉപവാസം നടന്നു. സ്വാമി അമൃതകൃപാനന്ദപുരിയുടെ പ്രാര്‍ഥനയോടെയാണ് ഉപവാസം തുടങ്ങിയത്.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, റവ.ഡോ.സ്കറിയ കല്ലൂര്‍, ഫാ.ഡേവിസ് ചിറമ്മല്‍, ഫാ. തോമസ് തൈത്തോട്ടം, മാതാജി പ്രേം വൈശാലി, സ്വാമി പ്രേമാനന്ദ, യു.പി സിദ്ധിഖ്, അഹമ്മദ് പി സിറാജ്, ചന്ദ്രബാബു തുടങ്ങിയവര്‍ ഉപവാസത്തിനു നേതൃത്വം നല്കി.
സ്നേഹസംഗമത്തിന്റെ ഭാഗമായി ചേംബര്‍ ഹാളില്‍ രക്തദാന ക്യാപും സംഘടിപ്പിച്ചു. മാതാജി പ്രേംവൈശാലി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തില്‍ വിവിധ ബ്ലഡ് ബാങ്കുകളും ആശുപത്രികളുമാണ് രക്തം ശേഖരിച്ചത്.
ഉച്ചയ്ക്കു രണ്ടിനു ടൗണ്‍ സ്ക്വയറില്‍ സമാധാന റാലി കണ്ണൂര്‍ രൂപത ബിഷപ് അലക്സ് വടക്കുംതല ഫ്ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം സംഗീതജ്ഞനും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കിഡ്നി ഫെഡറേഷന് ചെയര്മാന് ഫാ.ഡേവിസ് ചിറമ്മല്‍ അധ്യക്ഷനായി. കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍, മുത്തലിബ് അസ്ലമി, പ്രഫ. ബി മുഹമ്മദ് അഹമ്മദ് സംസാരിച്ചു.
തലശേരി അതിരൂപത, കോട്ടയം അതിരൂപത, കണ്ണൂര്‍ രൂപത, മാതാ അമൃതാനന്ദമയി സത്സംഗ സമിതി, ഹ്യുമനിസ്റ്റ് മൂവ്മെന്റ്, കണ്ണൂര്‍ പീസ് ഫോറം, കേരള മദ്യ നിരോധന സമിതി, ബഹായി സഭ, ആര്‍ട് ഓഫ് ലിവിങ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, ബ്ലഡ് ഡോണേഴ്സ് കേരള, സോഷ്യല്‍ ആക്ഷന്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി, മലബാര്‍ വികസന സമിതി, നിര്‍മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കേരള ഗാന്ധി സ്മാരക നിധി, മാനവ് ഏകതാ മിഷന്, വൈ.എം.സി.എ കണ്ണൂര്‍, കെയ്റോസ് കണ്ണൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സര്‍വോദയ മണ്ഡലം, വ്യാപാരി വ്യവസായി സമിതി, വിമന്‍സ് വോയ്സ്, ലയണ്‍സ് ക്ലബ് കരുവഞ്ചാല്‍, എ.കെ.സി.സി തലശേരി രൂപത, ഗാന്ധി പീസ് ഫൗണ്ടേഷന്, ഹര്‍ത്താല്‍ വിരുദ്ധ മുന്നണി തുടങ്ങിയവര്‍ സ്നേഹസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."