കെ.എസ്.ആര്.ടി.സി ഷോപ്പിങ് കോംപ്ലക്സ് 'മാക്കി'നു നല്കാന് കോടതി
കോഴിക്കോട്: നഗരത്തില്‍ മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി ഇരട്ട ടെര്‍മിനല്‍ കോംപ്ലക്സ് ലേലത്തില്‍ ഉയര്‍ന്ന ടെന്‍ഡര്‍തുക ക്വാട്ട് ചെയ്ത മാക് അസോസിയേറ്റ്സിനു നല്കാന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. തിരിച്ചുകൊടുക്കേണ്ടാത്ത 50 കോടി രൂപ അഡ്വാന്‍സ് തുകയും വാടക ഇനത്തില്‍ 50 ലക്ഷം രൂപയുമാണ് മാക് അസോസിയേറ്റ്സ് നിശ്ചയിച്ചത്.
ടെന്‍ഡറില്‍ രണ്ടാം സ്ഥാനക്കാര്‍ 20 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. ഇതേത്തുടര്‍ന്നാണ് മാക് അസോസിയേറ്റ്സിനു ലേലം ഉറപ്പിക്കാന്‍ കെ.ടി.ഡി.എഫ്.സി തയാറായത്. ഇതിനെതിരേ രണ്ടാം ടെന്ഡറുകാര് ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും ഇതു തള്ളിപ്പോകുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്സ് ഏല്‍പ്പിച്ചുള്ള കെ.ടി.ഡി.എഫ്.സിയുടെ ഉത്തരവ് അടുത്ത ദിവസം ലഭിക്കുമെന്ന് മാക് അസോസിയേറ്റ്സ് പാര്‍ട്ണര്‍മാരായ അബ്ദുല്‍കലാമും മൊയ്തീന്‍കോയയും അറിയിച്ചു. കോംപ്ലക്സിലെ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു.
മാക് അസോസിയേറ്റ്സിന് എത്രയും പെട്ടെന്നു കെട്ടിടം ഏല്പ്പിച്ചുകൊടുക്കാന് ഹൈക്കോടതി കെ.ടി.ഡി.എഫ്.സിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ ഇരട്ട ടെര്‍മിനല്‍ കോംപ്ലക്സ് തുറക്കുന്നതോടെ ഇവിടെ വ്യാപാര സ്ഥാപനങ്ങളും മള്‍ട്ടിപ്ലസ് തിയറ്ററും ഉള്‍പ്പെടെ പ്രവര്‍ത്തിക്കും. സര്‍ക്കാരിനും നഷ്ടത്തിലുള്ള കെ.എസ്.ആര്.ടി.സിക്കും ഇതു വലിയ ആശ്വാസമാവും.
ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റം നിയമക്കുരുക്കില്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 80 കോടിയോളം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്ത്തനസജ്ജമാകാത്തതുമൂലം സര്‍ക്കാരിനും പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."