കനോലി കനാലിലേക്ക് കീടനാശിനി കലര്‍ന്ന ജലം ഒഴുക്കി വിടുന്നതായി പരാതി
കയ്പമംഗലം: കൃഷി വകുപ്പിന്റെ കീഴില്‍ എടത്തിരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന വിത്തുല്പാദന കേന്ദ്രത്തില്‍ നിന്നും കനോലി കനാലിലേക്ക് കീടനാശിനി കലര്‍ന്ന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെതിരെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു കുടുംബം. എടത്തിരുത്തി സീഡ് ഫാമിന് സമീപം താമസിക്കുന്ന മണക്കാട്ട് ശിവദാസും കുടുംബവുമാണ് മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. സീഡ് ഫാമിന്റെ ഇരുപത്തഞ്ച് ഏക്കര്‍ നെല്‍ പാടത്ത് നിന്നും മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന ജലം ഒഴികിയെത്തുന്നത് ശിവദാസിന്റെ വീടിനോട് ചേര്‍ന്ന കടവിലേക്കാണ്. ഈ കടവിലാണ് ശിവദാസിന്റെ കുടുംബം കുളിക്കുന്നതും തുണികള്‍ കഴുകുന്നതും. ഇവിടെ കുളിക്കുന്നത് മൂലം ഇവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും ഇവര്‍ പറയുന്നു. മലിനജലം ഒഴുക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ശിവദാസന്‍ ഒന്നര മാസം മുന്‍പ് പരാതി നല്‍കിയെങ്കിലും തനിക്ക് അനുകൂല നടപടിയുണ്ടായില്ലെന്നും പറയുന്നു. പമ്പിംഗ് നിര്‍ത്തി വെക്കുന്നത് വരെ സീഡ് ഫാമിന് മുന്പില് താനും തന്റെ മക്കളായ വീരഭദ്രന്, സ്വാതിദാസ്, നീതുദാസ്, നീനദാസ് എന്നിവരും അനിശ്ചിതകാല സമരം നടത്തുമെന്നും ശിവദാസന്‍ പറഞ്ഞു. അതേസമയം കനോലി കനാലിലേക്ക് കീടനാശിനി കലര്‍ന്ന മലിനജലം ഒഴുക്കി വിടുന്നില്ലെന്നും, മഴ പെയ്ത് കൃഷി നാശം സംഭവിക്കുന്ന രീതിയില്‍ വെള്ളം നിറയുമ്പോഴാണ് പുഴയിലേക്ക് പമ്പിംഗ് നടത്തുന്നതെന്നും പമ്പിംഗ് നിര്‍ത്തി വെച്ചാല്‍ മുപ്പത് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാം അടച്ചു പൂട്ടേണ്ടിവരുമെന്നും അസി. ഡയറക്ടര്‍ എം.പി ഗോപിദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."