നായ്ക്കളുടെ സ്വന്തം നാടോ?
ദൈവത്തിന്റെ സ്വന്തംനാട് നായ്ക്കളുടെ സ്വന്തംനാടായി മാറിയോ. തെരുവുനായ്ക്കളെ ഓടിച്ചിട്ടു പിടിക്കുമെന്നും കൊല്ലുമെന്നുമൊക്കെയുള്ള മന്ത്രിമാരടക്കമുള്ള അധികാരികളുടെ പ്രഖ്യാപനങ്ങള്‍ കേട്ടു കൈയടിച്ചവരാണു നമ്മള്‍.
വര്‍ക്കലയില്‍ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ തെരുവുനായ വൃദ്ധനെ കടിച്ചുകൊന്നത് ഇന്നലൊണ്.
പട്ടിയെ കൊല്ലരുത്, കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണം, വന്ധ്യംകരിച്ചാല്‍ മതിയെന്നുമൊക്കെയാണു ചിലര്‍ പറയുന്നത്. അതിന് അവര്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ എന്ന പരിപാടിയും ആവിഷ്‌കരിച്ചിരിക്കുന്നു. പരുക്കേല്‍പ്പിക്കാതെ ശാസ്ത്രീയമായ രീതിയില്‍ വലയിട്ടുപിടിച്ചു പട്ടികളെ വന്ധ്യംകരിക്കുകയാണു ലക്ഷ്യം. ശസ്ത്രക്രിയയ്ക്കുശേഷം ഇവയെ തിരിച്ചുവിട്ടയ്ക്കുകയും ചെയ്യും.
വന്ധ്യംകരിച്ചു തിരിച്ചുവിട്ടവ കടിക്കില്ലെന്ന് ആരു പറഞ്ഞു. വന്ധ്യകരണത്തിനാണെങ്കില്‍ ആളെ കിട്ടാനുമില്ല. 20,000 രൂപ മാസശമ്പളം നല്‍കാമെന്നു പറഞ്ഞിട്ടും ആളില്ലത്രെ.
തെരുവുനായ്ക്കളെ കൊല്ലാന്‍ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണുകള്‍ സൗജന്യനിരക്കില്‍ നല്‍കാമെന്ന പാലാ സെന്റ് തോമസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഓഫര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല.
ബ്രൂസെല്ലോസിസ് എന്ന പനി ബാധിച്ച 90 പശുക്കളെ തൃശൂര്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ കൊല്ലാം. മയക്കുമരുന്ന് കുത്തിവച്ചുള്ള ദയാവധത്തിന് അംഗീകാരമുണ്ട്. എന്നാല്‍, മനുഷ്യനെ ഓടിച്ചിട്ടുകടിക്കുന്ന നായ്ക്കളെ കൊല്ലാന്‍ പാടില്ല. അവയ്ക്കു സംരക്ഷണം കൊടുത്തേതീരൂവെന്നതു മാത്രമായിരിക്കുന്നു നമ്മുടെ അജന്‍ഡ. വഴിയെ പോവുന്നവരെയെല്ലാം പ്രായഭേദമെന്യേ പാഞ്ഞുകടിക്കുന്ന തെരുവുനായ്ക്കളുടെ ശല്യത്തെപ്പറ്റി അധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ലെന്നതു ഖേദകരമാണ്.
വ്യവസായപ്രമുഖനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പല നഗരങ്ങളിലും നിരാഹാരസത്യഗ്രഹം നടത്തി. സ്വര്‍ണവ്യാപാരിയായ ബോബി ചെമ്മണ്ണൂര്‍ നേരിട്ടിറങ്ങി നായ്ക്കളെ പിടികൂടി വയനാട്ടിലെ പത്തേക്കര്‍ സ്വന്തം തോട്ടത്തില്‍ സംരക്ഷിക്കാനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ എതിര്. നാട്ടുകാര്‍ക്കുവേണ്ടി തെരുവുനായ്ക്കളെ നേരിട്ടതിനു കേസില്‍പ്പെട്ടവരെ സഹായിക്കണമെന്ന പ്രശ്‌നം നിയമസഭയില്‍വരെയെത്തി. കടിക്കാന്‍ വരുന്ന നായയെ ഓരോരുത്തര്‍ക്കും അവനവന്റെ ഇഷ്ടംപോലെ കൈകാര്യം ചെയ്യാമെന്നാണു ബന്ധപ്പെട്ട മന്ത്രി ഇപ്പോള്‍ പറയുന്നത്.
നായ്ക്കളെ സ്വന്തംസ്ഥലത്ത് താമസിപ്പിക്കാന്‍ പൊലിസ് സഹായം തേടിയ ബോബി ചെമ്മണ്ണൂരിനെ കലക്ടറും പൊലിസും കൈയൊഴിയുകയാണു ചെയ്തത്. തെരുവ്‌നായ്ക്കളെ സംരക്ഷിക്കാന്‍ എല്ലാ ജില്ലകളിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാര്‍ക്ക് നിര്‍മിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണദ്ദേഹം.
ചീഫ് ജസ്റ്റിസിന്റെ ഉത്തരവുണ്ടായിട്ടും പത്രക്കാരെ കോടതിപരിസരത്തുനിന്ന് ഓടിക്കുന്ന ചില അഭിഭാഷകരെപ്പോലെയാണു തെരുവുനായ്ക്കളെന്ന് അഭിഭാഷകസംഘടനയുടെ നടപടിക്കു വിധേയനായ മുന്‍ എം.പി ഡോ സെബാസ്റ്റിയന്‍ പോളിനുപോലും പറയേണ്ടിവന്നു.
മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗന്‍ ചെയര്‍മാനായി സുപ്രിംകോടതി നിശ്ചയിച്ച കമ്മിറ്റി പറഞ്ഞിരിക്കുന്നത്, തെരുവുനായ്ക്കളുടെ ഭീമമായ വര്‍ധന സംസ്ഥാനത്താകെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആളുകള്‍ വിഷംകൊടുത്ത് നായ്ക്കളെ കൂട്ടക്കൊലയ്ക്കു വിധേയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരുവ്‌നായ്ക്കളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു കേരളത്തിന്റെ നടപടി കേന്ദ്ര നയത്തിനു വിരുദ്ധമാണെന്നാണ് കേന്ദ്ര മന്ത്രി മേനകാഗാന്ധി പറയുന്നത്. ഭ്രാന്തിളകിവരുന്ന നായകളെ കൊല്ലുന്നതിനുപോലും അവര്‍ എതിര്. സ്വന്തം മകന്‍ വരുണ്‍ഗാന്ധി ആയുധക്കടത്തുകാര്‍ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണത്തെക്കുറിച്ചൊന്നും പറയാന്‍ അവര്‍ക്ക് നേരമില്ല. എന്നാല്‍ പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു. തെരുവ്‌നായയുടെ കടിയേറ്റു മരിച്ച കോട്ടയത്തെ ഒരു യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജിയാണ് നമ്മുടെ അത്യുന്നത നീതിന്യായ കോടതിയില്‍ എത്തിയിരിക്കുന്നത്.
കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡില്‍ ഒരൊറ്റ ദിവസം എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റതും ചേര്‍ത്തല വേളോര്‍വട്ടത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഏഴുവയസായ കുട്ടിയുടെ മുഖത്തു നായ ചാടിക്കടിച്ചതും ഒന്നും ആരും കേസാക്കിയില്ലായിരിക്കാം.
തൃശൂര്‍ മേലൂര്‍വട്ട കടവില്‍ കോഴിഫാമിനകത്ത് കൂട്ടമായി കയറിയ തെരുവുനായകള്‍ നൂറിലേറെ കോഴികളെയും ഏഴ് ആടുകളെയും കൊന്നതിന്റെ ഗൗരവവും അധികൃത ശ്രദ്ധയില്‍ പെടാതെപോയി.
നായശല്യം കാരണം പുലര്‍ച്ചെ പള്ളിയിലേക്കോ അമ്പലത്തിലേക്കോ പോവാന്‍കൂടി സാധ്യമല്ലാതായിരിക്കുന്നുവെന്ന് തിരുവനന്തപുരത്ത് ഒരു പുരോഹിതന്‍ വിളിച്ചുപറഞ്ഞതും ആരും ഗൗനിച്ചില്ല.
ഫറോക്ക് മണ്ണൂര്‍ വളവില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട്ടുകാരിയായ നാടോടി സ്ത്രീയെ നായ കടിച്ച് ഭ്രാന്തിളകി മരിച്ചതും തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ് എടവണ്ണ ഒതായി കുരിത്തില്‍ 26 കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ മരിച്ചതും ഒക്കെ അത്യുന്നത നീതിന്യായാലയത്തിനു എങ്ങനെ കാണാതിരിക്കാനാകും.
എന്താണ് കേരളത്തില്‍ മാത്രം ഇങ്ങനെയൊരു തെരുവുനായ പ്രശ്‌നം എന്ന സുപ്രീംകോടതി തന്നെ ചോദിക്കാനാവും നമുക്ക് ഒന്നും മറുപടി പറയാനില്ല എന്നത് ഖേദകരമത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."