ഏക സിവില്‍കോഡ്: നിയമകമ്മിഷന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ചോദ്യാവലിയോടുള്ള നിലപാട് അറിയിക്കണമെന്ന് ദേശീയ നിയമ കമ്മിഷന്‍ സംസ്ഥാനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചു. ഇക്കാര്യമറിയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ദേശീയ- സംസ്ഥാന പദവിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കമ്മിഷന്‍ കത്തയച്ചു. മതസംഘടനകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ (എന്‍.ജി.ഒ), വനിതാ സംഘടനകള്‍, വിവിധ രാഷ്ട്രീയകക്ഷികള്‍, പൗരാവകാശ സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ പരമാവധി തേടണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബി.എസ്.പി അധ്യക്ഷ മായാവതി, എന്നീ ദേശീയകക്ഷികള്‍ക്കും മുസ്്‌ലിംലീഗ് അധ്യക്ഷന്‍ ഇ. അഹമ്മദ്, മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരുടെ പേരിലുമാണ് കത്തയച്ചത്.
അടുത്തമാസം 21നു മുന്‍പായി നിലപാട് അറിയിക്കാനാണ് കത്തിലെ നിര്‍ദേശം. കമ്മിഷന്‍ ചെയര്‍മാന്റെ കത്തിനൊപ്പം ചോദ്യാവലിയുടെ പകര്‍പ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികയിലെ ചോദ്യങ്ങള്‍ക്കു പുറമെ മറ്റേതെങ്കിലും അഭിപ്രായമോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന്റെ കത്ത് ലഭിച്ചതായും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി അയക്കുമെന്നും മുസ്‌ലിം ലീഗ് വൃത്തങ്ങള്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, ഏക സിവില്‍കോഡ് ലിംഗനീതി ഉറപ്പാക്കുമോ തുടങ്ങിയ ചോദ്യങ്ങളടങ്ങിയ പട്ടിക ഈ മാസം ഏഴിനാണ് നിയമ കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മുത്വലാഖും ബഹുഭാര്യാത്വവും നിര്‍ത്തലാക്കണോ, ഏക സിവില്‍കോഡ് നടപ്പാക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തെ ഹനിക്കുമോ? തുടങ്ങിയ 16 ചോദ്യങ്ങളാണ് സൈറ്റിലുള്ളത്. നിയമകമ്മിഷന്‍ തയാറാക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന് അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകള്‍ പഖ്യാപിച്ചിരുന്നു.
സ്വതന്ത്ര സ്ഥാപനമായ ലോ കമ്മിഷന്‍ സര്‍ക്കാരിനു കീഴിലുള്ള സമിതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചോദ്യാവലി നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചാണ് മുസ്്‌ലിം സംഘടനകളുടെ നടപടി.
തമിഴ്‌നാട് ഏക
സിവില്‍കോഡിനെ
എതിര്‍ക്കും
കോയമ്പത്തൂര്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ ഡി.എം.കെ എതിര്‍ക്കുമെന്നു ഡി.എം.കെ ട്രഷററും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. ഏക സിവില്‍കോഡിനെതിരായ മുസ്‌ലിം സംഘടനകളുടെ ഒപ്പുശേഖരണ സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോയും ഇതേ നിലപാട് തന്നെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."