പക്ഷിപ്പനി: താറാവിനും താറാവുല്‍പന്നങ്ങള്‍ക്കും നിയന്ത്രണം വരും
ആലപ്പുഴ: പക്ഷിപ്പനി ഭീതിയെതുടര്‍ന്ന് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കൊപ്പം വിനോദ സഞ്ചാരമേഖലയും പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ നവംബറില്‍ പക്ഷിപ്പനി ബാധയെതുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ ചെന്നിത്തല, പുറക്കാട്, തലവടി, കോട്ടയം ജില്ലയിലെ അയ്മനം എന്നീ മേഖലകളെ പക്ഷിപ്പനി ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ മേഖലകളിലെ നാലു ലക്ഷത്തോളം താറാവുകളെയാണ് അന്ന് കൊന്നൊടുക്കിയത്. എച്ച് 5 എന്‍ 1 എന്ന വൈറസാണ് പക്ഷിപ്പനി ബാധക്കു കാരണമെന്ന് ഭോപ്പാലിലെ ലബോറട്ടറി പരിശോധനയില്‍ വ്യക്തമായിരുന്നു. ഇത്തവണയും കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് എച്ച്5 എന്‍8 വൈറസ് ബാധയാണ് രോഗകാരണമെന്ന് കണ്ടെത്തിയത്. ഇത് മാരകമല്ലെങ്കിലും പക്ഷിപ്പനി ബാധ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
വൈറസ് ബാധ കണ്ടെത്തിയതോടെ കുട്ടനാടന്‍ താറാവുകള്‍ക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും രാജ്യാന്തര തലത്തില്‍ വീണ്ടും വിലക്കു വരുമോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധമൂലം 100 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്.
ഒരിക്കല്‍ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ വീണ്ടും രോഗബാധ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശക്തമായ നിരീക്ഷണം തുടരാന്‍ സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര ഡയറക്ടറേറ്റ് ഓഫ് ആനിമല്‍ ഹസ്‌ബെന്‍ഡറി, ഡയറിയിങ് ആന്‍ഡ് ഫിഷറീസ് നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടായിരത്തിലേറെ സാംപിള്‍ പരിശോധിച്ചതില്‍ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പായതിനു ശേഷമാണ് ഈ മേഖലകള്‍ പക്ഷിപ്പനി മുക്തമെന്നു പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.
ദേശാടനപ്പക്ഷികളില്‍ നിന്നാകാം രോഗബാധ കുട്ടനാട്ടില്‍ എത്തിയതെന്നു സംശയിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. പക്ഷിപ്പനിയുടെ പേരില്‍ താറാവുകളെ കൊന്നൊടുക്കേണ്ടതായ സ്ഥിതി വന്നതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."