വയലാര്‍ സമരത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കാന്‍ പതിനായിരങ്ങള്‍ ഇന്ന് സംഗമിക്കും
ആലപ്പുഴ: വയലാര്‍ സമരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ പതിനായിരങ്ങള്‍ ഇന്ന് സംഗമിക്കും. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ മോഡലിനും ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നടത്തിയ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കാന്‍ ജനസഞ്ചയം ഇന്ന് വയലാറിലെ രക്തസാക്ഷി കുന്നിലേക്ക് പ്രവഹിക്കും.
ഒക്‌ടോബര്‍ 27നാണ് വയലാറില്‍ പട്ടാളം വെടിവെയ്പ് നടത്തിയത്. നൂറുകണക്കിന് പേരാണ് ദിവാന്റെ പട്ടാളത്തിന്റെ നിറതോക്കുകള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണത്. ഇവരുടെ മൃതശരീരങ്ങള്‍ വയലാറിലെ കുളത്തില്‍ നിക്ഷേപിച്ചപ്പോള്‍ ഇവിടം പിന്നീട് കുന്നായി മാറി. ഇവിടെയാണ് വയലാര്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇന്ന് അതിരാവിലെ മുതല്‍ തന്നെ വയലാറിലെ പ്രധാന വഴികളും ഇടവഴികളുമെല്ലാം ജനനിബിഡമാകും. സമരസേനാനികളും രക്തസാക്ഷി കുടുംബ അംഗങ്ങളും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അടങ്ങുന്ന പതിനായിരങ്ങള്‍ വയലാര്‍ രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കും.
ഇന്ന് രാവിലെ 7.30ന് പുന്നപ്ര രക്തസാക്ഷികളും കമ്യൂണിസ്റ്റ് ആചാര്യന്‍മാരായ പി കൃഷ്ണപിള്ള, ആര്‍ സുഗതന്‍, പി ടി പുന്നൂസ്, ടി വി തോമസ്, ജോര്‍ജ് ചടയംമുറി, എം എന്‍ ഗോവിന്ദന്‍നായര്‍, വി എം സൈമണ്‍ ആശാന്‍, കെ സി ജോര്‍ജ്, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവരും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. സമരസേനാനി വി എസ് അച്യുതാനന്ദന്‍ ഭദ്രദീപം കൊളുത്തുന്ന ദീപശിഖയുമായി അത്‌ലറ്റുകള്‍ വയലാറിലേക്ക് പ്രയാണം ആരംഭിക്കും. തുടര്‍ന്ന് ജനാര്‍ദനന്റെ ബലികൂടീരത്തിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ദീപം പകര്‍ന്നതിനുശേഷം ദേശീയപാതയിലൂടെ സഞ്ചരിച്ച് രാവിലെ 11ഓടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തും. മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ സമരസേനാനി കെ വി തങ്കപ്പന്‍ ദീപം പകര്‍ന്ന് അത്‌ലറ്റുകള്‍ക്ക് കൈമാറും. രാവിലെ 9ന് ആരംഭിക്കുന്ന ദീപശിഖാ റിലേ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 11ന് മണ്ഡപത്തില്‍ എത്തിച്ചേരും.
നാടന്‍ കലാരൂപവും നിശ്ചലദൃശ്യങ്ങളും ഗായകസംഘവും ഇരു ദീപശിഖകളെയും അനുധാവനം ചെയ്യും. ദീപശിഖ എത്തുന്ന വേളയില്‍ കരുമരുന്ന് പൊട്ടിച്ചും പുഷ്പങ്ങള്‍ അര്‍പ്പിച്ചും ഓരോ കേന്ദ്രങ്ങളിലും അഭിവാദ്യം ചെയ്യും. ഇരു ദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്റും ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രിയുമായ പി തിലോത്തമന്‍ എം എല്‍ എ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടക്കും.
രണ്ടിന് വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം ആരംഭിക്കും. ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം ജോഷ്വാ, ഇ എം സതീശന്‍ എന്നിവര്‍ സംസാരിക്കും. വിദ്വാന്‍ കെ രാമകൃഷ്ണന്‍ അധ്യക്ഷനാകും. ടി പുരുഷോത്തമന്‍ സ്വാഗതം പറയും.
വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തില്‍ സമരസേനാനി വി എസ് അച്യുതാനന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി പിഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സി പി ഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി ബി ചന്ദ്രബാബു, സി കെ സദാശിവന്‍, എ ശിവരാജന്‍, സി എസ് സുജാത എന്നിവര്‍ സംസാരിക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റും ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രിയുമായ പി തിലോത്തമന്‍ അധ്യക്ഷനാകും. വാരാചരണ കമ്മിറ്റി സെക്രട്ടറി എന്‍ പി ഷിബു സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."