റേഷന്‍ മുന്‍ഗണനാ ലിസ്റ്റ്; പരാതിയുമായി വലഞ്ഞ് ഉപഭോക്താക്കള്‍
കോഴിക്കോട്: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാനിരിക്കേ ജില്ലയിലെ മുന്‍ഗണനാ ലിസ്റ്റിനെതിരേ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമാകുന്നു. 2009ല്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം കോഴിക്കോട് 7,02,649 കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ 3,26,266 പേര്‍ മാത്രമാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ശേഷിക്കുന്ന 3,94,383 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. പട്ടികയില്‍ വ്യാപകമായി അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. മുന്‍ഗണനാ ലിസ്റ്റിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ള നിരവധിപേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ശരാശരി ആയിരം കാര്‍ഡ് ഉടമകള്‍ വരെയുണ്ടായിരുന്ന റേഷന്‍ കടകളില്‍ ഇപ്പോള്‍ 200നും 300നും ഇടയില്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. സിറ്റിയില്‍ ഇത് 100നും 200നും ഇടയിലാണ്. പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി അറിയിക്കാനുള്ള തിയതി നവംബര്‍ അഞ്ചുവരെ നീട്ടിയിട്ടുണ്ടെങ്കിലും പരാതി നല്‍കാനുള്ള സങ്കീര്‍ണതകള്‍ ഉപഭോക്താക്കളെ വലക്കുകയാണ്.
റേഷന്‍ കടകള്‍ക്ക് മുന്നിലെ തിക്കും തിരക്കും ദിവസങ്ങളായിട്ടും തീര്‍ന്നിട്ടില്ല. ഓണ്‍ലൈനായി വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഭൂരിഭാഗം പേര്‍ക്കും ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. ഇതിനിടയിലാണ് കാര്‍ഡുകള്‍ സീല്‍ ചെയ്തു നല്‍കേണ്ടതില്ലെന്ന് റേഷന്‍ വ്യാപാരികള്‍ തീരുമാനമെടുത്തത്. നവംബര്‍ മുതല്‍ പരിഷ്‌കരിച്ച പട്ടിക പ്രകാരം റേഷന്‍ വിതരണം ചെയ്യണമെങ്കില്‍ നിലവിലുള്ള കാര്‍ഡുകള്‍ സീല്‍ ചെയ്യേണ്ടതുണ്ട്. പുതിയ കാര്‍ഡുകള്‍ ജനുവരി മുതലേ ലഭ്യമാകൂ. ഇതോടെ റേഷന്‍ വിതരണവും പ്രതിസന്ധിയിലാകുമെന്ന സാഹചര്യമാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാകുന്നതോടെ റേഷന്‍ കടകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം സംജാതമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ശരാശരി 50 ക്വിന്റല്‍ ധാന്യങ്ങള്‍ നല്‍കുന്ന റേഷന്‍കടകളില്‍ നിയമം നടപ്പിലാകുന്നതോടെ വിപണനം പകുതിയായി കുറയും. ഇതോടെ കമ്മിഷന്‍ വ്യവസ്ഥയില്‍ വരുമാനം ലഭിക്കുന്ന തങ്ങള്‍ക്ക് ഈ രംഗത്ത് തുടരാനാവില്ലെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."