ലോക്കപ്പ് മര്‍ദനം: സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
കൊല്ലം: അഞ്ചാലുമ്മുട് പൊലിസ് സ്‌റ്റേഷനില്‍ രണ്ടു ദലിത് യുവാക്കളെ മോഷണക്കുറ്റം ആരോപിച്ച് പീഡിപ്പിച്ച കേസ് വിവാദമായിരിക്കെ, സംഭവം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്.
ശക്തമായ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പ്രസ്താവന നടത്തിയെങ്കിലും സംഭവത്തില്‍ പൊലിസുകാരെ സംരക്ഷിക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതിനെതിരേയുളള സമരത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കുറ്റവാളികളായ പൊലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ജില്ലാ കോണ്‍ഗ്രസ്
കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു സമരം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
മര്‍ദനത്തിനിരയായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്(32), ബന്ധുമങ്ങാട് പുത്തന്‍വീട്ടില്‍ ഷിബു(36) എന്നിവരെ ഇന്നലെ ഒരു സംഘം ഇടതുപക്ഷ എം.എല്‍.എമാര്‍ സന്ദര്‍ശിച്ചു. സി.പി.എമ്മിലെ എം മുകേഷ് എം.എല്‍.എ ഒറ്റക്കും സി.പി.ഐ എം.എല്‍.എമാരായ ആര്‍.രാമചന്ദ്രന്‍,ചിറ്റയം ഗോപകുമാര്‍ ,ജി.എസ് ജയലാല്‍ എന്നിവര്‍ ഒരുമിച്ചായിരുന്നു ആശുപത്രിയില്‍ സന്ദര്‍ശിച്ചത്.
സംഭവത്തില്‍ അഞ്ചാലുമ്മൂട് എസ്.ഐയെ സ്ഥലംമാറ്റുക മാത്രമാണ് ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇരുവരെയും അറസ്റ്റു രേഖപ്പെടുത്താതെയും അഞ്ച് ദിവസത്തോളം പുറംലോകം കാണിക്കാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
മോഷണത്തിനു തെളിവില്ലാതെവന്നതോടെ പിന്നീട് കേസ് ചാര്‍ജ് ചെയ്യാതെ വിട്ടയച്ചു. ഇരുവരും ജോലിചെയ്തിരുന്ന സ്ഥലത്തുനിന്നും പണം മോഷ്ടിക്കപ്പെട്ടതായി കോണ്‍ട്രാക്ടര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ 16ന് രാത്രി ഇരുവരേയും പൊലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ സതീഷ് ബിനോ എ.സി.പി ജോര്‍ജ് കോശിയെ ചുമതലപ്പെടുത്തിയെങ്കിലും എ.സി.പിയുടെ റിപ്പോര്‍ട്ട് പൊലിസുകാരെ സംരക്ഷിക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഇരുവരെയും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."