മൗസില്‍ തിരിച്ചുപിടിക്കാന്‍ പോരാട്ടം ശക്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു
ബാഗ്ദാദ്: ഇറാഖിലെ മൗസില്‍ ഐ.എസില്‍നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടം ശക്തമാകുന്നു. സൈനിക നടപടിയെ തുടര്‍ന്ന് ഈ മാസം മാത്രം ആയിരത്തിലേറെ പേരെ ഒഴിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശം വിട്ടു പുറത്തെത്തിയവരുടെ മാത്രം കണക്കാണിതെന്നും അതിലേറെ പേര്‍ ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൗസിലില്‍ പോരാട്ടങ്ങള്‍ നടക്കുന്നതു ജനവാസ കേന്ദ്രങ്ങളിലായതിനാല്‍ ശ്രദ്ധയോടെയാണ് സൈന്യം നീങ്ങുന്നത്. ഇക്കാരണത്താല്‍തന്നെ ആയിരത്തിലേറെ സാധാരണക്കാരെ ഇറാഖ് സൈന്യം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചതായി ഐക്യരാഷ്ട്രസഭയാണ് അറിയിച്ചത്.
ഒഴിപ്പിച്ചവരെ പ്രത്യേകം തയാറാക്കിയ ക്യാംപുകളിലേക്കു മാറ്റുകയാണ്. ചിലരെ സൈന്യംതന്നെ വാഹനങ്ങളിലായി ക്യാംപുകളിലെത്തിക്കുന്നുണ്ടെങ്കിലും പലരും കാല്‍നടയായാണ് പലായനം ചെയ്യുന്നത്.
ഇത്തരം ക്യാംപുകളുടെ നിര്‍മാണത്തിനും അവയിലേക്കു കൂടുതല്‍ സാധനസാമഗ്രികള്‍ എത്തിക്കുന്നതിലും സൈന്യവും സന്നദ്ധസംഘടനകളും ശ്രദ്ധിക്കുന്നുണ്ട്.
ഇറാഖിലെ ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായ മൗസില്‍ പിടിക്കാന്‍ കഴിഞ്ഞ മാസമാണ് സൈന്യം നടപടി തുടങ്ങിയത്. പോരാട്ടം നീളാന്‍ സാധ്യതയുണ്ടെന്നു കുര്‍ദിഷ് പ്രാദേശിക സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി കരിം സിന്‍ജാരി ദിവസങ്ങള്‍ക്കു മുന്‍പു വ്യക്തമാക്കിയിരുന്നു. അന്ന് ഇറാഖീസേന മൊസൂളിന് അഞ്ചു കിലോമീറ്റര്‍ അടുത്തെത്തിയതായും അദ്ദേഹം സൂചന നല്‍കിയിരുന്നു.
നാലായിരം മുതല്‍ 8,000 വരെ ഐ.എസ് തീവ്രവാദികളാണ് മൗസിലിലുള്ളത്. 30,000 പേരുടെ ഇറാഖി സൈന്യമാണ് മൗസിലിലേക്കു നീങ്ങുന്നത്. ഇവര്‍ക്ക് യു.എസ്. സഖ്യസേനയുടെ വ്യോമ പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."