അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ 'ഇവര്‍ ഇവിടെക്കിടന്ന് മരിക്കും'
കല്‍പ്പറ്റ: വില കൊടുത്ത് വാങ്ങിയ ഭൂമി സ്വന്തം ഭൂമിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളുണ്ടായിട്ടും നീതി ലഭിക്കാതെ ഒരു കുടുംബം. വയനാട്- തൊണ്ടര്‍നാട് പഞ്ചായത്ത് കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനാണ് ഈ ദുരവസ്ഥ. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, കേസ് ഏല്‍പ്പിച്ച അഭിഭാഷകര്‍ എന്നിവര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി കോടതിയേയും സര്‍ക്കാരിനെയും വ്യാജരേഖകളുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചാണ് ഈ കുടുംബത്തെ തെരുവിലിറക്കിയത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ 441 ദിവസങ്ങളായി സമരത്തിലാണ്.
വനംവകുപ്പ് നിക്ഷിപ്ത വനഭൂമിയായി നോട്ടിഫൈ ചെയ്ത ഈ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ 2006ലെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ആ കാലയളവില്‍ത്തന്നെ തീരുമാനം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിരുന്നു.
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഭൂമി സംബന്ധിച്ച് കോഴിക്കോട് നോര്‍ത്തേണ്‍ റെയ്ഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി ടി ശ്രീസുകന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെയും ഹൈക്കോടതിയേയും ഫോറസ്റ്റ് ട്രിബ്യൂണലിനെയും മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചതായും ഇവര്‍ക്കെതിരേ നടപടി ആവശ്യമാണെന്നും ശുപാര്‍ശ ചെയ്തിരുന്നു.
വനംവകുപ്പ് നോട്ടിഫൈ ചെയ്ത ഇവരുടെ ഭൂമി 1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട്, 1971ലെ കേരളാ പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് ഏസൈന്‍മെന്റ്) ആക്ടിലും പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൂഴ്ത്തുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിഞ്ജാപനം ചെയ്ത ഭൂമി കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ ഉന്നതരുള്‍പ്പെടയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുള്ളതാണ് ഇതിനുകാരണം.
അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന് നിയമസഭാംഗമായിരുന്ന പി. കൃഷ്ണ പ്രസാദ് എം.എല്‍.എ വിഷയം സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. കത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ചും പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് എ.ജിയുമായി ചര്‍ച്ച ചെയ്ത് കോടതിയില്‍ സത്യവാങ്മൂലം എത്രയും പെട്ടെന്ന് ഫയല്‍ ചെയ്യണമെന്ന് ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശവും ഉദ്യോഗസ്ഥര്‍ നടപ്പാക്കിയില്ല.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയുള്ള ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ അന്നത്തെ നോര്‍ത്ത് വയനാട് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ ഇ. പ്രദീപ്കുമാര്‍ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗൂഡാലോന നടത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാതെ പോയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ സംബന്ധിച്ച് എ.ജിയോട് നിയമോപദേശം തേടി കത്തയച്ചിരുന്നെങ്കിലും എ.ജി ഓഫിസ് ഇതിന് മറുപടി നല്‍കിയിരുന്നില്ല.
അന്നത്തെ വയനാട് കലക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ ഭൂമി വിഷയത്തില്‍ അമിക്കസ്‌ക്യൂരിയേയോ, അഭിഭാഷക കമ്മിഷനയോ നിയമിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സെപ്റ്റംബര്‍ 19ന് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍, സ്‌പെഷല്‍ ഗവ.പ്ലീഡര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നു ഇത്.
എന്നാല്‍ ഈമാസം ആറിന് ഹൈക്കോടതിയില്‍ കേസ് വിളിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഇതോടെ കുടുംബത്തിന് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ഉള്‍പെടെയുള്ളവര്‍ വിഷയം ഏറ്റെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരും എല്ലാം മറന്ന മട്ടാണ്. നീതിപീഠത്തോട് സത്യം നേരിട്ട് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരവസരം തരണം, അല്ലങ്കില്‍ ഞങ്ങളെ വെടിവച്ച് കൊല്ലുകയോ തുറുങ്കിലടക്കുകയോ ചെയ്യണം...ഇതാണ് പ്രത്യാശ നഷ്ടപ്പെട്ട കുടുംബത്തിന് സമൂഹത്തോട് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."