ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്: മേഖലാ മത്സരങ്ങള്‍ ഇന്ന് തുടങ്ങും
മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ കലാമത്സരമായ ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ മേഖലാ മത്സരങ്ങള്‍ക്ക് ഇന്ന് ഗൂഡല്ലൂരില്‍ തുടക്കമാകും. കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന അന്‍പതിലേറെ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിഭകളാണ് മേഖലാ മത്സരങ്ങളില്‍ മാറ്റുരക്കുക. കിഴക്കന്‍ മേഖലയിലെ പത്ത് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇന്നും നാളെയുമായി ഗൂഡല്ലൂര്‍ താലൂക്ക് മുസ്ലിം ഓര്‍ഫനേജില്‍ നടക്കുന്ന ഈസ്റ്റ് സോണ്‍ മത്സരങ്ങളില്‍ പങ്കാളികളാവുക.
ദക്ഷിണ കന്നഡ, കൊടക്, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ നവംബര്‍ 5, 6 തിയതികളില്‍ കാസര്‍കോട് ജില്ലയിലെ ചിത്താരി അസീസിയ്യ അറബിക് കോളജിലും, വെസ്റ്റ് സോണ്‍ നവംബര്‍ 12, 13 തിയതികളില്‍ ചേരൂര്‍ യതീംഖാനയിലും, സെന്‍ട്രല്‍ സോണ്‍ മത്സരം നവംബര്‍ 19, 20 തിയതികളില്‍ തൃപ്പനച്ചി ഉസ്താദ് സ്മാരക ജൂനിയര്‍ കോളജിലും, സൗത്ത് സോണ്‍ മത്സരം നവംബര്‍ 26, 27 തിയതികളില്‍ കൊപ്പം ഇര്‍ശാദുല്‍ അനാം അറബിക് കോളജിലും നടക്കും.
ഇന്ന് വൈകിട്ട് നാല് മണിക്ക് ഗൂഡല്ലൂര്‍ മുസ്ലിം യതീംഖാനയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാര് വയനാട് ഉദ്ഘാടനം ചെയ്യും. യതീംഖാന പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി അധ്യക്ഷനാകും. പുത്തനഴി മൊയ്തീന് ഫൈസി, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കെണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."