വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ ഗ്രാമസഭകളില്‍ പരിശോധനയ്ക്ക് നിര്‍ദേശം
കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനായി പഞ്ചായത്തുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
ഈ മാസം 31ന് പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേയും കരട് വോട്ടര്‍പട്ടികയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ നിന്നും പൊതുജനമധ്യത്തിലേക്ക് എത്തിച്ച് കൃത്രിമത്വവും അപാകതകളും കണ്ടെത്തി സുതാര്യമാക്കാന്‍ പഞ്ചായത്തുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. അടുത്ത മാസം അഞ്ചിനും 19 നും ഇതിനായി പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കരട് വോട്ടര്‍പട്ടിക പൊതുജനത്തിനു മുന്‍പില്‍ വായിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയാറാക്കിയ കരട് വോട്ടര്‍പട്ടികയുടെ പൂര്‍ണ രൂപമാണ് 31ന് പ്രസിദ്ധീകരിക്കുന്നത്. ഇവയിലെ അപാകതകള്‍ കണ്ടെത്താനാണ് പ്രത്യേക ഗ്രാമസഭകള്‍ ചേരേണ്ടത്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ കണ്ടെത്തുക, അനധികൃ വോട്ടര്‍മാരെ നീക്കം ചെയ്യുക, വാര്‍ഡില്‍ നിന്ന് താമസം മാറിയവര്‍, മരിച്ചുപോയവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഗ്രാമവാസികള്‍ ബോധ്യപ്പെട്ടതിനുശേഷം തിരുത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ഓരോ പ്രദേശത്തിലും ഗ്രാമസഭകള്‍ ചേരാന്‍ നിര്‍ദേശിച്ചിട്ടുളളത്.
വോട്ടര്‍പട്ടിക സാധാരണ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് കാണാറും പരിശോധിക്കാറുമുള്ളത്. മാത്രമല്ല പലയിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ അടക്കം സ്വാധീനിച്ച് അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുമുണ്ട്.
മരണപ്പെട്ടവരെ ലിസ്റ്റില്‍ നിന്ന് നീക്കാതെ കളളവോട്ടുകള്‍ രേഖപ്പെടുത്തുന്നതും പലയിടങ്ങളിലും കണ്ടുവരാറുണ്ട്. അര്‍ഹതയുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരില്ലാത്തവരും നിരവധിയാണ്. വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയക്കാരുടെ അനധികൃത ഇടപെടല്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ തീരുമാനം കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."