കാപ്രോലാക്ടം ഉല്പാദനം പുനരാരംഭിച്ചു
കൊച്ചി: സാമ്പത്തികമായി ലാഭകരമല്ലാത്തതിനാല്‍ നാലുവര്‍ഷം മുന്‍പ് അവസാനിപ്പിച്ച കാപ്രോലാക്ടത്തിന്റെ ഉല്പാദനം ഫാക്ട് പുനരാരംഭിച്ചു. പെട്രോകെമിക്കല്‍ ഉല്പന്നമായി കാപ്രോലാക്ടം ഉല്പാദിപ്പിക്കുന്ന പ്ലാന്റ് മൂന്നാഴ്ച മുന്‍പാണ് വീണ്ടും തുറന്നത്. പൊടിച്ച് പായ്ക്കറ്റിലാക്കുന്നതിനു തൊട്ടുമുന്‍പുള്ള മോള്‍ട്ടന്‍ ലാക്ടത്തിന്റെ (ദ്രവരൂപത്തിലുള്ള കാപ്രോലാക്ടം) ഉല്പാദനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗുണമേന്മയാല്‍ രാജ്യാന്തര മാര്ക്കറ്റില്വരെ പ്രിയമേറിയതാണ് ഫാക്ട് കാപ്രോലാക്ടം. പരിചയസമ്പന്നരായ വ്യക്തികളെ ഉള്‍പ്പെടുത്തി പ്രത്യേക കര്‍മസേനയ്ക്ക് കമ്പനി രൂപംകൊടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പ്ലാന്റ് തുറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിച്ച ആയിരം കോടി രൂപയുടെ വായ്പ കാപ്രോലാക്ടം പ്ലാന്റ് തുറക്കുന്നതിനും കമ്പനിക്ക് സഹായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."