ചെന്നൈയിന്‍ എഫ്.സി- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഇന്ന്
ആക്രമിക്കുക... ഗോളടിക്കുക... ജയിക്കുക... ദീപാവലി നാളില്‍ വിജയത്തിന്റെ പൂത്തിരി കത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു ചെന്നൈയിന്‍ എഫ്.സിയെ നേരിടും. ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയുടെ കോട്ടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വേട്ടക്കിറങ്ങുന്നത്. നിലവിലെ പോരാട്ട ചരിത്രം ചെന്നൈയിന് അനുകൂലം.
എന്നാല്‍, ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്രം തിരുത്താനൊരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പടപ്പുറപ്പാട്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം പ്രത്യാക്രമണത്തിലൂടെ രണ്ടടിച്ചു ഗോവ എഫ്.സിക്കെതിരേ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്‍മാര്‍. അയല്‍ക്കാര്‍ തമ്മിലുള്ള വീറുറ്റ പോരാട്ട ചരിത്രം മനസിലാക്കി തന്നെയാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ തന്ത്രങ്ങള്‍ ഒരുക്കിയിട്ടുള്ളതും. വിജയ വഴിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് മടങ്ങിയെത്തി കഴിഞ്ഞു. ആദ്യ നാലില്‍ എത്താന്‍ തുടര്‍ വിജയങ്ങള്‍ അനിവാര്യം. ആദ്യ മത്സരം മുതല്‍ ആടിയുലയാത്ത ശക്തമായ പ്രതിരോധ നിര കരുത്തായുണ്ട്. മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുന്നതില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതിരുന്ന മധ്യനിരയും ഉണര്‍ന്നു കഴിഞ്ഞു.
ഗോവയ്‌ക്കെതിരേ പ്രയോഗിച്ച 4-4-1-1 ശൈലിയില്‍ തന്നെയാകും കോപ്പല്‍ ചെന്നൈയിനെതിരേയും ഇറക്കുക. കേരള ബ്ലാസ്റ്റേഴ്‌സിനു ഇതുവരെ ചെന്നൈയിന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താനായിട്ടില്ല. ചെന്നൈയിന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിയുമായി 1-1നു സമനില പിടിക്കേണ്ടി വന്ന നിരാശയിലാണ് ചെന്നൈയിന്‍. ചെന്നൈയിന്റെ കരുത്ത് പ്രതിരോധത്തിലാണ്. ബര്‍ണാര്‍ഡ് മെന്‍ഡിയും ജോണ്‍ ആര്‍ണെ റിസയും ചേരുന്ന സെന്റര്‍ ബാക്ക് ആണ് ചെന്നൈയിന്റെ പ്രതിരോധക്കോട്ട. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മുന്‍ താരങ്ങളുടെ യുദ്ധം കൂടിയായി ചെന്നൈയിന്‍-ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തെ വിലയിരുത്തുന്നുണ്ട്. ലിവര്‍പൂളിന്റെ ജേഴ്‌സിയണിഞ്ഞ ജോണ്‍ ആര്‍ണെ റീസയും ഫുല്‍ഹാമിന്റെ ഡിഫന്‍ഡറായിരുന്ന ആരോണ്‍ ഹ്യൂസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം തീ പാറുമെന്നാണ് പ്രവചനം. ചെന്നൈയിനും ബ്ലാസ്റ്റേഴ്‌സും രണ്ടു സീസണിലായി അഞ്ചു തവണ ഏറ്റുമുട്ടി. മൂന്നു ജയം ചെന്നൈയിനും ഒരെണ്ണം ബ്ലാസ്റ്റേഴ്‌സിനും സ്വന്തം. ഒന്നു സമനിലയിലായി. ബ്ലാസ്റ്റേഴ്‌സിനെ നേരിടുമ്പോള്‍ പരിശീലകന്‍ മാര്‍ക്കോ മെറ്റരാസി കരുതലോടെ തന്നെയാണ് തന്ത്രങ്ങളൊരുക്കുന്നത്.
മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിന്: സ്റ്റീവ് കോപ്പല്‍
ചെന്നൈ: ചരിത്രം നന്നായി അറിയാം. എന്നാല്‍ എന്നെ സംബന്ധിച്ച് ഇതില്‍ പ്രാധാന്യമൊന്നുമില്ല. മറ്റേതൊരു മത്സരവും പോലെ പുതിയ ഒരു പോരാട്ടം മാത്രമാണിത്. അന്നത്തെ താരങ്ങളല്ല ഇന്നു ടീമിലുള്ളത്. അടിമുടി മാറിയ ടീം ആണിന്ന്. ഇരു ടീമുകളുടേയും ലക്ഷ്യം പോയിന്റ് പട്ടികയില്‍ മുന്നില്‍ എത്തുകയാണെന്നു സ്റ്റീവ് കോപ്പല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതി വിശേഷം മാനസികമായി ബ്ലാസ്റ്റേഴ്‌സിനു അനുകൂലമാണ്. പ്രത്യേകിച്ച് ഗോവയ്ക്ക് എതിരേ നേടിയ വിജയം കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും കോപ്പല്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ്
പ്രതിരോധം വെല്ലുവിളി:
മാര്‍ക്കോ മെറ്റരാസി
ചെന്നൈ: സ്വന്തം മൈതാനത്തെ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ നിര്‍ണായകമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രതിരോധവും കേളീശൈലിയും കടുത്ത വെല്ലുവിളിയാണ്. ബ്ലാസ്റ്റേഴ്‌സിനെ നേരിടുമ്പോള്‍ ടീമിനു ലഭിക്കുന്ന ആക്രമണ തീഷ്ണത കളിയിലൂടനീളം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ചെന്നൈയിനെ മറ്റാര്‍ക്കും തോല്‍പ്പിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."