വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം
ദോഹ: വിദേശികള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ ഗള്‍ഫ് ടൈംസ് പത്രവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
എല്ലാ രാജ്യക്കാര്‍ക്കും വിസ അനുവദിക്കുമെന്നും വിസയ്ക്ക് നേരത്തെ അപേക്ഷിക്കേണ്ടതില്ലെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ ഉടനെ അനുവദിച്ചു തുടങ്ങുമെന്നാണ് വിവരം. മുന്‍പ് ഖത്തര്‍ എയര്‍വെയ്സ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെങ്കില്‍ നേരത്തേ വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു.
ഖത്തറില്‍ 38 രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നിലവിലുണ്ട്. ഈ രാജ്യങ്ങള്‍ക്ക് നേരത്തെ അപേക്ഷിക്കാതെ തന്നെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിസ ലഭിക്കും. 100 റിയാലാണ് വിസാ ഫിസ്. ഖത്തറില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വെയ്സുമായി സഹകരിച്ചു ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് സൗജന്യമായി ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ഖത്തര്‍ എയര്‍വെയ്സ് ഹബ്ബായ ദോഹയില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതിലൂടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ വഴിയെത്തുന്ന സന്ദര്‍ശകര്‍ക്കു ദോഹയിലിറങ്ങാനുള്ള സൗകര്യം ലഭ്യമാക്കുന്നതിനെക്കുറിച്ചും ടൂറിസം അതോറിറ്റി ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം ഖത്തര്‍ തീരങ്ങളില്‍ 32 ആഡംബര കപ്പലുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."