സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സൈന്യം പ്രവര്‍ത്തിക്കേണ്ടതെന്ന് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാരിനു സൈന്യത്തിനുമേല്‍ നിയന്ത്രണം ഉണ്ടായിരുന്നില്ലെങ്കില്‍ ഈ രാജ്യം എന്നോ പട്ടാള ഭരണത്തിനു കീഴിലാവുമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്ന ഹരജി തള്ളിയാണ് സുപ്രിംകോടതിയുടെ ഈ അഭിപ്രായപ്രകടനം.
സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും സര്‍ക്കാര്‍ ഇടപെടരുതെന്നു നിര്‍ദേശം നല്‍കണമെന്നും രാഷ്ട്രീയാവശ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഹരജി നല്‍കിയത്. പരമോന്നത സൈനിക മേധാവിയായ രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മാത്രമേ സൈന്യത്തിന് ബാധ്യതയുള്ളൂവെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജ. ടി.എസ് താക്കൂര്‍, ഡി.വൈ ചന്ദ്രഹുഡ്, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു.
മിന്നലാക്രമണത്തിന്റെ 'ക്രെഡിറ്റ് ' സംബന്ധിച്ച പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകളെയും എം.എല്‍ ശര്‍മ ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. ആര്‍.എസ്.എസ് ആണ് മിന്നലാക്രമണത്തിന് പ്രചോദനമായതെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."