വാറണ്ടു കേസിലെ പ്രതി ചികിത്സയിലിരിക്കെ മരണം; പൊലിസിന്റെ അനാസ്ഥയെന്ന് ആരോപണം
കൊല്ലം: വാറണ്ടു കേസില്‍ കുണ്ടറ പൊലിസ് അറസ്റ്റു ചെയ്ത പ്രതി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതിനു പിന്നില്‍ പൊലിസിന്റെ അനാസ്ഥയെന്നു ആരോപണം.
കുണ്ടറ ചെറുമൂട് ചേറ്റുകടവു ചരുവില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞുമോനാ(38)ണു ബുധനാഴ്ച രാത്രി മരിച്ചത്. മദ്യപിച്ചു വാഹനമോടിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന കുഞ്ഞുമോനെ കഴിഞ്ഞ 22 നു പുലര്‍ച്ചെ കുണ്ടറ പൊലിസ് വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നു പൊലിസ് സ്റ്റേഷനില്‍ വച്ചു രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നു കുണ്ടറ കാഞ്ഞിരോടു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്കി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നായിരുന്നു പൊലിസ് പറഞ്ഞത്.
പുലര്‍ച്ചെയാണ് ഇയാളെ പൊലിസ് പ്രമാദമായ കേസിലെ പ്രതിയെന്ന രീതിയില്‍ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്ത വേളയില്‍ ഇയാള്‍ക്കു മര്ദനമേറ്റോയെന്നകാര്യത്തില് സ്ഥിരീകരണമില്ല. എന്നാല്‍ പൊലിസ് സ്റ്റേഷനില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞമോനെ മാതാവിനൊപ്പം ജില്ലാ പൊലിസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും ഒപ്പം പോകാന്‍ പൊലിസ് തയാറായില്ല. ഇക്കാര്യത്തില്‍ പൊലിസ് കടുത്ത അലംഭാവം കാണിക്കുകയും ചെയ്തു.
കുഞ്ഞുമോന്റെ മൃതദേഹം പെട്ടെന്നു സംസ്ക്കരിക്കാന്‍ ധൃതികാണിച്ചെന്ന ആരോപണവുമുണ്ട്. ഇതിനെ തുടര്‍ന്നു കഴിഞ്ഞദിവസം രാത്രി കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."