ചെര്‍പ്പുളശ്ശേരി നഗരസഭാ ബസ് സ്റ്റാന്‍ഡ് നവീകരണത്തിനൊരുങ്ങുന്നു
ചെര്‍പ്പുളശ്ശേരി: പതിനേഴു വര്‍ഷത്തെ നിയമ രാക്ഷ്ട്രീയ പോരാട്ടത്തിനൊടുവില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ബസ് സ്റ്റാന്റിനു പിറകുവശത്തെ ചുറ്റുമതില്‍ പൊളിച്ചുമാറ്റി വഴി അനുവദിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇരുപത് വര്‍ഷം മുന്‍പ് പ്രവാസികളായ ചിലരുടെ സമ്പാദ്യമാണ് സാമൂഹ്യ വിരുദ്ധരുടെ താവളവും അനാശാസ്യകേന്ദ്രവുമായി കിടന്നിരുന്നത്. മാത്രവുമല്ല ബസ് സ്റ്റാന്‍ഡിനു പുറകിലായി ഉയര്‍ന്ന മതിലു മറയാക്കി മലമൂത്ര വിസര്‍ജനം കൊണ്ട് ദുര്‍ഗന്ധവും ഉണ്ടയിരുന്നു. പാലക്കാട് ജില്ലയിലെ മറ്റു നഗരസഭാ സ്റ്റാന്‍ഡുകളിലെ സമാനസ്ഥിതി പരിഗണിച്ചും നിലവില്‍ പ്രസ്തുത പ്രശ്‌നം സംബന്ധിച്ച് യാതൊരു വ്യവഹാരവും നിലവിലില്ലാത്തതുകൊണ്ടും ബസ്സ്റ്റാന്‍ഡ് യാര്‍ഡിന്റെ തെക്കുഭാഗത്തായി നിര്‍മിച്ച മതില്‍ ഉയരം കുറച്ച് ഒന്നിടവിട്ട് നാല് അടി വീതിയില്‍ മൂന്ന് വഴി നിയമ വിധേയമായി അനുവദിക്കുന്നതിനും കിഴക്ക് ഭാഗത്ത് പ്രത്യേക ഷെല്‍ട്ടര്‍ നിര്‍മ്മിച്ച് യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ കൗണ്‍സില്‍ യോഗം അജണ്ട തീരുമാനിച്ചതറിഞ്ഞ ഉടനെ പ്രതിപക്ഷ കക്ഷികളായ ഇടതു മുന്നണിയുടെ നേത്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
തങ്ങളുടെ ഭരണ സമിതിയുടെ കാലത്ത് ഏകകണ്ഠമായി എടുത്ത തീരുമാനമായിരുന്നു മതില്‍ പൊളിക്കേണ്ടതില്ലെന്നത് പ്രതിപക്ഷം ആരോപിച്ചു. അന്ന് കെട്ടിട ഉടമ കോടതിയെ സമീപിച്ചപ്പോള്‍ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കാനായിരുന്നു വിധി. തുടര്‍ന്ന് കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ പ്രഥമ മുനിസിപ്പാലിറ്റിയുടെ ഭരണം യു.ഡി.എഫിന് ലഭിക്കുകയും ഭരണസമിതിക്ക് കെട്ടിട ഉടമ പരാതി സമര്‍പ്പിക്കുകയുമായിരുന്നു. അതേ തുടര്‍ന്നാണ് ഭരണ സമിതിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം വഴി നല്‍കാന്‍ തീരുമാനമായത്.
വഴി നല്‍കുന്നതിലൂടെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ വരികയും മുനിസിപ്പാലിറ്റിക്ക് റവന്യൂ വരുമാനം വര്‍ധിക്കുയും ഇത് പ്രദേശവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുകയും കഴിയുമെന്നും ബസ് സ്റ്റാന്‍ഡിനുപരിസരത്തെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിക്കുകയും ചെയ്യും.
അന്നത്തെ ഭരണകക്ഷിയിലെ ചില നേതാക്കളുടെ താല്‍പര്യപ്രകാരമാണ് ഇരുപത് വര്‍ഷമായി ഭരണകൂടത്തിന് ലഭിക്കേണ്ട നികുതിപ്പണം നഷ്ടമായതെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കന്നത്ത്. വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, സി.എ. ബക്കര്‍, പി.പി. വിനോദ് കുമാര്‍, ഒ. രാംകുമാര്‍, കെ.എം. ഇസ്ഹാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."