ഇന്ത്യക്ക് ദീപാവലി മധുരം
ക്രിക്കറ്റില്‍ പരമ്പര
അമിത് മിശ്രയ്ക്ക് അഞ്ചു വിക്കറ്റ്; കളിയിലേയും പരമ്പരയിലേയും താരം
വിശാഖപട്ടണം: ടെസ്റ്റ് പരമ്പര നേടിയതിനു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 190 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 270 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 23.1 ഓവറില്‍ വെറും 79 റണ്‍സിന് പുറത്തായി. മൂന്നു സ്പിന്നര്‍മാരെ ഉള്‍ക്കൊള്ളിക്കാനുള്ള നായകന്‍ ധോണിയുടെ തന്ത്രം കുറിക്കു കൊണ്ടു.
ഇന്ത്യയുടെ സ്പിന്‍ വലയില്‍ കൂട്ടത്തോടെ കുരുങ്ങി വീണ കിവികള്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തി. അമിത് മിശ്ര അഞ്ചു വിക്കറ്റുമായി വിക്കറ്റ് വേട്ടയ്ക്കു നേതൃത്വം നല്‍കി. അക്‌സര്‍ പട്ടേല്‍ രണ്ടു വിക്കറ്റും അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. മൂവരും ചേര്‍ന്ന് എട്ടു വിക്കറ്റുകളാണ് പിഴുതത്. ശേഷിച്ച വിക്കറ്റുകള്‍ ഉമേഷ് യാദവും ബുമ്‌റയും പങ്കിട്ടു. അമിത് മിശ്രയാണ് കളിയിലേയും പരമ്പരയിലേയും താരം.
കിവീസ് നിരയില്‍ കെയ്ന്‍ വില്യംസന്‍ (27) ടോം ലാതം (19) റോസ് ടെയ്‌ലര്‍ (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ന്യൂസിലന്‍ഡ് നിരയില്‍ അഞ്ചു പേര്‍ പൂജ്യത്തിനു പുറത്തായി. തകര്‍ച്ചയോടെയായിരുന്നു ന്യൂസിലന്‍ഡിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് അവര്‍ക്ക് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. നാലു പന്തു മാത്രം നേരിട്ട ഗുപ്റ്റില്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങി. ലാതവും വില്യംസനും ചേര്‍ന്ന് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ലാതത്തെ ബുമ്ര മടക്കി. പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വാഴ്ചയായിരുന്നു. നാലാം വിക്കറ്റായി ടെയ്‌ലര്‍ വീണതിനു പിന്നാലെ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയും തുടങ്ങി.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടേയും (70) വിരാട് കോഹ്‌ലിയുടേയും (65) അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. തുടക്കത്തില്‍ രഹാനെയെ (20) നഷ്ടമായ ഇന്ത്യ കരുതലോടെയാണ് നീങ്ങിയത്.
കോഹ്‌ലി- രോഹിത് സഖ്യം ഉറച്ചു നിന്നതോടെ ഇന്നിങ്‌സിനു കരുത്താര്‍ജിച്ചു. രോഹിത് പുറത്തായതോടെ നാലാം നമ്പറിലെത്തിയ നായകന്‍ ധോണിയും (41) മികവു കാട്ടി. പിന്നീട് വാലറ്റത്ത് കേദാര്‍ ജാദവും (പുറത്താകാതെ 39) അക്‌സര്‍ പട്ടേലും (24) ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ടും ഇഷന്‍ സോധിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീഷം സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഹോക്കിയില്‍ ഫൈനല്‍
പി.ആര്‍ ശ്രീജേഷിന്റെ മികവില്‍ ഇന്ത്യന്‍ ജയം
ഇന്ത്യ- പാകിസ്താന്‍ ഫൈനല്‍ ഇന്ന്
കൗന്തന്‍: മലയാളി ഗോള്‍ കീപ്പറും നായകനുമായ പി.ആര്‍ ശ്രീജേഷിന്റെ ഉജ്ജ്വല മികവില്‍ ദക്ഷിണ കൊറിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു. ഇന്നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പോരില്‍ ഇന്ത്യ 5-4നാണ് വിജയം പിടിച്ചത്. ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ അഞ്ചു ഷോട്ടുകളും ഗോളുകളായപ്പോള്‍ കൊറിയയുടെ നാലു ഷോട്ടുകളാണ് ഗോളായത്.
ദക്ഷിണ കൊറിയയുടെ അവസാനത്തെ നിര്‍ണായക ഷോട്ട് തട്ടിയകറ്റി നായകന്‍ ശ്രീജേഷ് ഹീറോയായി നിറഞ്ഞപ്പോള്‍ ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു.
നിശ്ചിത സമയത്ത് ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്. തല്‍വിന്ദര്‍ സിങാണ് ഇന്ത്യയെ മുന്നില്‍ കടത്തിയത്.
സമനില പിടിച്ച കൊറിയ രണ്ടാം ഗോളിലൂടെ മുന്നില്‍ കടന്നു.
എന്നാല്‍ രമണ്‍ദീപ് സിങ് നേടിയ നിര്‍ണായക ഗോളില്‍ ഇന്ത്യ 2-2ന്റെ സമനില പിടിച്ച് ആയുസ്സ് നീട്ടുകയായിരുന്നു.
രണ്ടാം സെമിയില്‍ ആതിഥേയരായ മലേഷ്യയെ കീഴടക്കി നിലവിലെ ചാംപ്യന്‍മാരായ പാകിസ്താന്‍ ഫൈനലിലേക്ക് മുന്നേറി.
നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനില പാലിച്ചപ്പോള്‍ പാക് നിര പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നു വിജയം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."