രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി വൈദ്യപരിശോധനക്ക് കൊണ്ടുപോയത് കൈവിലങ്ങ് അണിയിക്കാതെ
കണ്ണൂര്‍: സബ് ജയിലില്‍ നിന്ന് വൈദ്യപരിശോധനക്ക് ഹാജരാക്കാന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ കൊലക്കേസ് പ്രതി പൊലിസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഏറെനേരത്തെ ശ്രമഫലത്തിനൊടുവില്‍ പൊലിസും നാട്ടുകാരും ചേര്‍ന്നു പ്രതിയെ കീഴടക്കി. ഇന്നലെ രാവിലെ ഒന്‍പതോടെ കണ്ണൂര്‍ താലൂക്ക് ഓഫിസ് പരിസരത്താണു നാടകീയ സംഭവം.
മൂന്നു പൊലിസുകാരോടൊപ്പം പോയ പ്രതി സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് കുതറിയോടിയത്. കഴിഞ്ഞ 13ന് കണ്ണൂര്‍ സിറ്റിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നീര്‍ച്ചാല്‍ ഐയിറ്റാണ്ടി പൂവളപ്പില്‍ മനാസില്‍ എം. ഫാറൂഖിനെ (43) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിറ്റി വെറ്റിലപ്പള്ളി സ്വദേശി അബ്ദുല്‍ റഊഫ് എന്ന കട്ട റഊഫ് (29) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൈവിലങ്ങ് അണിയിക്കാതെയാണ് പ്രതിയെ വൈദ്യപരിശോധനക്കായി ജയിലില്‍ നിന്ന് കൊണ്ടുപോയത്.
പലപ്പോഴും സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ എത്തിച്ച് സ്വകാര്യ ബസില്‍ കയറ്റിയാണ് പ്രതികളെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി ഹാജരാക്കുക. കൊലക്കേസ് പ്രതിയായിരുന്നിട്ടും യാതൊരു മുന്‍കരുതലും എടുക്കാതെയാണ് പൊലിസ് ഇയാളെ ജയിലില്‍ നിന്ന് കൊണ്ടുപോയത്.
പൊലിസുകാര്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കവെ പ്രതി ടൗണ്‍ സ്‌ക്വയര്‍ ഭാഗം ലക്ഷ്യമാക്കി ഓടുകയായിരുന്നു. കണ്ടുനിന്നവര്‍ ബഹളംവച്ചതോടെയാണ് ഇയാള്‍ ഓടുന്നതു പൊലിസിന്റെ കണ്ണില്‍പ്പെട്ടത്.
പൊലിസ് സംഘം പിന്നാലെ ഓടുന്നത് കണ്ടതിനെതുടര്‍ന്ന് വഴിയാത്രക്കാരനാണു പ്രതിയെ പിടിച്ചുനിര്‍ത്തിയത്. ഇയാളില്‍ നിന്നു കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ ഓടിയെത്തിയ പൊലിസുകാര്‍ ബലമായി കൈവിലങ്ങ് അണിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു പൊലിസുകാരും ചേര്‍ന്ന് ഇയാളെ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."