സിനിമകള്‍ ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: കമല്‍
ചാവക്കാട്: സമകാലിക മലയാളം സിനിമകള്‍ മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവല്‍ക്കരിച്ച് യുവതലമുറയെ വഴി തെറ്റിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ലഹരിക്കെതിരേ ചാവക്കാട് പൗരാവലിയും പ്രോഗ്രസ്സീവ് ചാവക്കാടും ചേര്‍ന്ന് പുത്തന്‍കടപ്പുറത്ത് സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായകന്റെ മദ്യപാന രംഗങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. നായകന്റെ ഹീറോയിസത്തിന് ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പഴയകാല സിനിമകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാല സിനിമകളില്‍ ഗണ്യമായ തോതില്‍ ഇത്തരം രംഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തിക്ക് ഇത്തരം സിനിമകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇതിന് തടയിടാന്‍ സ്‌കൂള്‍ തലത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തേണ്ടതുണ്ടന്ന് കമല്‍ പറഞ്ഞു.നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച് സലാം അധ്യക്ഷനായി. ലഹരിമുക്ത നല്ലവീട്, നല്ല നാട് എന്ന ലോഗോയുടെ പ്രകാശനം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. സുലൈമാന്‍ അസ്ഹരി,എ.എ മഹേന്ദ്രന്‍,ഷീജ പ്രശാന്ത്,എം.വി സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."