വാഹനങ്ങളുടെ ശവപ്പറമ്പുകളിലൂടെ...,
നാടുനീളെ പൊതുജനത്തിനു പണി തരികയാണ് പൊലിസ്. പൊലിസ് സ്റ്റേഷന്റെ പരിസരങ്ങള്‍, ദേശീയ പാതയോരങ്ങള്‍, സര്‍ക്കാര്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനത്തെ വെല്ലുവിളിച്ചും ഗതാഗതം താറുമാറാക്കിയും പൊലിസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങള്‍ അട്ടിയിടുകയാണ്. പൊതുജനത്തിനു ശല്യമായി മാറിയ പൊലിസിന്റെ പ്രവര്‍ത്തി ഇല്ലാതാക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും ഇടപെടുന്നില്ല. പൊതുനിരത്തുകളില്‍ അട്ടിയിടുന്ന വാഹനങ്ങള്‍ തുരുമ്പിച്ചും ഓയിലൊലിച്ചും സാമൂഹ്യവിരുദ്ധരുടെ താവളമായും തെരുവു പട്ടികള്‍ തമ്പടിക്കുന്ന സ്ഥലമായും മാറികഴിഞ്ഞു.
പൊതുജനത്തിനു വലിയ പ്രശ്‌നമായിട്ടും പൊലിസിന് ഇതൊരു പ്രശ്‌നമായി തോന്നിയിട്ടേയില്ല. ജില്ലയില്‍ പലയിടത്തും വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് പൊലിസിന്റെ മൂക്കിനു തുമ്പത്താണ്. എന്തുകൊണ്ട് മാറ്റുന്നില്ലയെന്നുള്ള ചോദ്യത്തിന് പൊലിസിന് ഒറ്റ ഉത്തരമേയുള്ളൂ...കേസ് കഴിഞ്ഞിട്ടില്ല. എന്നാല്‍ കേസു കഴിഞ്ഞ വാഹനങ്ങളും തുരമ്പെടുത്ത് സാമൂഹ്യവിപത്തായി മാറുമ്പോഴും പൊലിസിന്റെ ഉദാസീനത തുടരുകയാണ്. ജില്ലയില്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്ത് കിടക്കുന്നത് ആയിരക്കണക്കിനു വാഹനങ്ങളാണ്. മിക്ക പൊലിസ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് കണക്കു തന്നെയില്ല. പൊതുനിരത്തിനോട് ചേര്‍ന്ന് വാഹനം നിര്‍ത്തിയാല്‍ ഉടനെ നടപടിയെടുക്കുന്ന പൊലിസ് പക്ഷെ പൊലിസ് സ്റ്റേഷന് പുറത്ത് വാഹനം കുന്നുകൂടിയിട്ടും അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഗുരുതരമായ ആരോഗ്യ- സാമൂഹ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞ വാഹനങ്ങളുടെ ശവപറമ്പുകളിലൂടെയാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് ' വീശുന്നത്....
കവര്‍ച്ചക്കാര്‍ക്ക് ചാകരക്കാലം
മണല്‍കടത്തിലും മറ്റു കേസുകളിലും ഉള്‍പ്പെട്ട് മൈതാനികളിലും പാതയോരത്തും കൂട്ടിയിടുന്ന വാഹനങ്ങള്‍ കവര്‍ച്ചാ സംഘങ്ങള്‍ക്ക് ചാകര കൊയ്‌ത്തൊരുക്കുന്നു. കേസുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ എണ്ണം പെരുകി വന്നതോടെ ഇവ സൂക്ഷിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ജില്ലയിലെ ഒരു പൊലിസ് സ്റ്റേഷന്‍ പരിസരത്തും ഇല്ലാതെ വന്നതോടെയാണ് വാഹനങ്ങള്‍ കവര്‍ച്ചക്കാര്‍ക്ക് ചാകരയായത്.
വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് രാത്രിയിലും പകലും പൊലിസ് എത്താതായതോടെയാണ് ഇവിടെ സുരക്ഷിതമായ കവര്‍ച്ചക്ക് വഴിയൊരുങ്ങിയത്. വിജനമായ സ്ഥലത്തും പാതയോരത്തും കൂട്ടിയിട്ട വാഹനങ്ങളില്‍ നിന്ന് രാത്രി കാലങ്ങളിലും പകലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ അഴിച്ചു കൊണ്ടുപോകുന്ന ഒരു മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചട്ടഞ്ചാലിലെ ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അഴിച്ചു കൊണ്ടുപോകാന്‍ കവര്‍ച്ചക്കാര്‍ എത്തുന്നത് അര്‍ദ്ധരാത്രിക്ക് ശേഷമാണ്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലും, ടോര്‍ച്ചുകളുടെ സഹായത്തോടെയും തൊണ്ടി വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അഴിച്ചു മാറ്റി കടത്തിക്കൊണ്ടു പോകുന്ന രീതിയാണ് ഉള്ളത്. സ്പാനറുകളും മറ്റു ഉപകരണങ്ങളുമായി വാഹനങ്ങള്‍ സൂക്ഷിച്ച മൈതാനിയില്‍ ഇരുചക്ര വാഹനങ്ങളിലും മറ്റും ആളുകളെ അര്‍ദ്ധരാത്രി കൊണ്ടിറക്കി മണിക്കൂറുകള്‍ക്കു ശേഷം തിരികെ വന്നു അഴിച്ചുമാറ്റിയ പാര്‍ട്‌സുകള്‍ കടത്തി കൊണ്ട് പോകുന്ന രീതിയാണ് സ്വീകരിക്കുന്നത്. പിടികൂടിയ ചില വാഹനങ്ങള്‍ കേസ് കഴിഞ്ഞ് എടുക്കാനെത്തിയപ്പോള്‍ വാഹനങ്ങളുടെ ടയര്‍ അടക്കമുള്ള പാര്‍ട്‌സ് കടത്തിയ സംഭവം നിരവധിയാണ്.
ദേശീയ പാത ഉള്‍പ്പെടെയുള്ള പാതയോരങ്ങളില്‍ രാത്രിക്കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികളും ടയറുകളും ഉള്‍പ്പെടെയുള്ള വാഹന ഭാഗങ്ങള്‍ അഴിച്ചു കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് തൊണ്ടി വാഹനങ്ങളുടെ പാര്‍ട്‌സുകളും അഴിച്ചു കൊണ്ട് പോയി ചാകര കൊയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
എന്നാല്‍ മൈതാനിയിലും മറ്റും സൂക്ഷിക്കുന്ന ഇത്തരം വാഹനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കവര്‍ച്ചക്കാരെ നിലക്കു നിര്‍ത്തേണ്ട പൊലിസ് കവര്‍ച്ചക്കു വഴിയൊരുക്കുന്ന വിരോധാഭാസമാണ് നടക്കുന്നതെന്ന് ചുരുക്കം.
എന്‍ഡോസള്‍ഫാനേക്കാള്‍ വിപത്ത്
ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ആയിരത്തിലേറേ വാഹനങ്ങളാണ് വ്യത്യസ്തമായ കേസുകളില്‍ ഉള്‍പ്പെട്ട് കിടക്കുന്നത്. സ്‌റ്റേഷന്‍ മുറ്റത്തും മറ്റും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ എന്‍ഡോസള്‍ഫാനെക്കാള്‍ വലിയ വിപത്തായി മാറിയിരിക്കുന്നു. പൊതു സ്ഥലങ്ങളില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യ - ആരോഗ്യ വിപത്തുകള്‍ ചില്ലറയല്ല.
തുരുമ്പിച്ച് ദ്രവിച്ച വാഹനങ്ങള്‍ക്കു മേല്‍ മഴ പെയ്യുമ്പോള്‍ ഒലിച്ചിറങ്ങുന്നത് വിഷമയമായ ഓയിലും വാഹന അവശിഷ്ടവുമാണ്. ഈ വെള്ളം കനത്ത മഴയില്‍ കുത്തിയൊലിച്ച് കിണറുകളിലും സമീപത്തെ ജലസ്രോതസുകളിലുമാണ് ഒഴുകിയെത്തുന്നത്. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം ചില്ലറയില്ല.
കൂട്ടിയിട്ട വാഹനങ്ങള്‍ക്കു തീപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്ന പുക വലിയ വിപത്തായി മാറിക്കഴിഞ്ഞു. ഓയിലും ഡീസലും പെട്രോളും ഇരുമ്പുമൊക്കെ കൂടി കത്തിക്കഴിയുമ്പോഴുണ്ടാക്കുന്ന രൂക്ഷമായ ഗന്ധം സമീപത്താകെ പകരുകയാണ്. ഇതു ശ്വസിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം പറഞ്ഞറിയിക്കാന്‍ ആകാത്തതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുപരിയാണ് ഇത്തരം വാഹനങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നം. കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തെരുവു പട്ടികളുടെ സുഖവാസ കേന്ദ്രവും താമസ സ്ഥലവുമായി മാറിക്കഴിഞ്ഞു.
സ്‌കൂളുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളോടും പൊതുജനം പലപ്പോഴും യാത്രക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പൊതുവഴികള്‍ക്കരികിലാണ് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ കുന്നു കൂട്ടുന്നത്. നായകള്‍ പെറ്റുപെരുകി അക്രമകാരികളാകുന്നതിനും പൊലിസ് കാഴ്ച്ചക്കാരാവുകയാണ്.
സാമൂഹ്യ വിരുദ്ധരുടെ താവളമാവുകയാണ് പലയിടങ്ങളിലും ഇത്തരം വാഹനശേഖരം. അനാശാസ്യ പ്രവര്‍ത്തനം, മയക്കു മരുന്ന് വില്‍പ്പന എന്നിവ നിര്‍ബാധം നടക്കുന്നു. വാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലങ്ങളിലേക്ക് പൊലിസ് പലപ്പോഴും തിരിഞ്ഞു നോക്കാറേയില്ല. അതുകൊണ്ടു തന്ന സാമൂഹ്യ വിരുദ്ധര്‍ സുഖതാവളമായി വാഹന ശവപറമ്പുകളെ ഉപയോഗിക്കുന്നുണ്ട്.
പൊലിസിന്റെ തൊണ്ടി മുതലുകളായ വാഹനങ്ങള്‍ പലപ്പോഴും ഇങ്ങനെ കൂട്ടിയിടുന്നത് നിയമവിരുദ്ധമായാണ്. പലയിടത്തും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനായി മാറ്റിവെച്ച സ്ഥലങ്ങളിലും നഗരത്തിലെ കണ്ണായദിക്കുകളിലുമാണ് ഇത്തരം വാഹന ശേഖരമുള്ളത്. പല നഗരങ്ങളിലും ഗതാഗതം മുടക്കിയാണ് വാഹനങ്ങളുടെ കിടപ്പ്.
പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യവും സാമൂഹ്യ- സാംസ്‌കാരിക ജീവിതത്തിനും സംരക്ഷണം നല്‍കേണ്ട പൊലിസാണ് ഇത്തരത്തിവല്‍ തീര്‍ത്തും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നതാണ് വസ്തുത.
പൊലിസ് സ്റ്റേഷനുകളില്‍ അനുബന്ധ കെട്ടിടങ്ങളും മറ്റും നിര്‍മിക്കേണ്ട സ്ഥലങ്ങളിലാണ് വാഹനങ്ങളുടെ കൂട്ടിയിടല്‍ നടന്നിരിക്കുന്നത്. കേസുകള്‍ കഴിഞ്ഞ വാഹനങ്ങള്‍ ഉടമകളോട് കൊണ്ടുപോവാനുള്ള വേഗത്തിലുള്ള ഒരു നീക്കവും പൊലിസ് നടത്തുന്നില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുന്നതിനാല്‍ ഒന്നിനു പിറകെ ഒന്നായി വാഹനങ്ങള്‍ സ്‌റ്റേഷന്‍ വളപ്പില്‍ കുന്നുകൂടുകയാണ്. ഒന്നുകില്‍ ഉടമസ്ഥരെ കൊണ്ട് എടുപ്പിക്കുക അതല്ലെങ്കില്‍ ആക്രി വിലക്കു ലേലം ചെയ്യുക തുടങ്ങിയ നടപടികളിലേക്ക് പൊലിസ് നീങ്ങിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് കാസര്‍കോട് കാണാനിരിക്കുന്നത്.
തൊണ്ടി വാഹനങ്ങളുണ്ടാക്കുന്ന വേറെയും പ്രശ്‌നങ്ങള്‍
നശിക്കുന്നത് ടണ്‍ കണക്കിന് മണല്‍
മണലിനു പൊന്നുവിലയാണ്. നിരോധനങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായതോടെ പൊന്നുംവില കൊടുത്താലും മണല്‍ കിട്ടാനില്ല എന്നതാണ് സ്ഥിതി. എന്നാല്‍ പൊലിസ് സ്റ്റേഷനുകളില്‍ ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത് ടണ്‍ കണക്കിന് മണലാണ്. മണല്‍ കടത്തലിനിടെ പിടികൂടുന്ന വാഹനങ്ങള്‍ മണല്‍ സഹിതമാണ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. വര്‍ഷങ്ങളോളം മണല്‍ വാഹനങ്ങളില്‍ കിടക്കും. ഒടുവില്‍ വാഹനങ്ങള്‍ സഹിതം ദ്രവിച്ചു മണ്ണോടു ചേരും. ഇത്തരത്തില്‍ നശിക്കുന്നതില്‍ കൂടുതലും മണല്‍ ലോറികളാണ്.
തെരുവ് നായ്ക്കള്‍ക്കും പൊലിസ് സുരക്ഷ ..!
പൊലിസ് സംരക്ഷണത്തിലാണ് പലയിടങ്ങളിലും ഇപ്പോള്‍ തെരുവുനായകളുടെ താമസം എന്ന് പറയുന്നതാണ് ശരി. കാരണം മറ്റൊന്നുമല്ല. സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കടിയിലാണ് നായകള്‍ കൂട്ടത്തോടെ താമസിക്കുന്നത്. ഓരോ വാഹനവും വര്‍ഷങ്ങളോളം ഇങ്ങനെ കിടക്കുമെന്നതിനാല്‍ പല നായകള്‍ക്കും പല വാഹനങ്ങളും സ്വന്തം കൂടുതന്നെയാണ്. നായകള്‍ വഴിയാത്രക്കാരെ അക്രമിക്കുന്ന സംഭവം പൊലിസ് സ്റ്റേഷന്‍ പരിസരത്തു പതിവാണ്.
നടക്കാനുള്ള വഴി അറിയാതെ കാല്‍നടയാത്രക്കാര്‍
കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളും അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളും പാതയോരങ്ങളില്‍ നിര്‍ത്തിയിട്ടതോടെ നടന്നു പോകാനുള്ള വഴിയറിയാതെ കാല്‍നടയാത്രക്കാര്‍. ജില്ലയിലെ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിടുന്നത് വഴിതടഞ്ഞു തന്നെയാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലൂടെ നടക്കരുത് എന്നാണു നിയമമെങ്കിലും രണ്ടും കല്‍പ്പിച്ചു റോഡിലൂടെതന്നെ നടക്കുകയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. ഭാഗ്യമൊന്നുകൊണ്ട് മാത്രമാണ് പലപ്പോഴും അപകടങ്ങള്‍ വഴിമാറുന്നത്.
പരേഡ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ക്ക് 'അന്ത്യവിശ്രമം'
പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികേട്ട് തല പുകയുകയാണ് പൊലിസ്. ഇത്തരത്തിലുള്ള പരാതിയുമായി എത്തുന്നവരെയും കൊണ്ട് പൊലിസുകാര്‍ ആദ്യം ചെല്ലുക സ്റ്റേഷനുകളുടെ സമീപമുള്ള പരേഡ് ഗ്രൗണ്ടുകളിലേക്കാണ്. സൂചികുത്താന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് പല സ്റ്റേഷനുകളുടെയും പരേഡ് ഗ്രൗണ്ടുകള്‍.
ഇനി ഞങ്ങള്‍ എന്തുചെയ്യുമെന്ന് പൊലിസുകാര്‍ ചോദിക്കുമ്പോള്‍ കൂടുതലൊന്നും പറയാന്‍ പരാതിക്കാര്‍ക്കും കഴിയാറില്ല. രണ്ടാഴ്ച മുന്‍പ് ഒഡീഷ പാസുമായി മണല്‍ കടത്തുകയായിരുന്ന നാലു വലിയ ലോറികള്‍ ചന്തേര പൊലിസ് പിടികൂടിയിരുന്നു. ഇതു സ്റ്റേഷന് മുന്നില്‍ പാതയോരത്താണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇടവും വലവും ലോറികള്‍ നിരന്നതോടെ സ്റ്റേഷന്‍ തന്നെ കാണാത്ത നിലയിലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."