പൊന്നാനിക്കടല്‍ മനുഷ്യരുടേത്; ശശികലക്കെതിരേ മതേതര കൂട്ടായ്മ
പൊന്നാനി: വര്‍ഗീയതക്കെതിരേ കടലു കാണാന്‍ മതേതര മനസ്സുകളുടെ ഒത്തുചേരല്‍. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണു പുതുപൊന്നാനി കടല്‍ തീരത്തു വര്‍ഗീയതയെ പ്രതീകാത്മകമായി കടലിലൊഴുക്കി മതേതര കൂട്ടായ്മയുടെ പുത്തന്‍ ഭാഷ്യം രചിച്ചത്.
മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന ശശികല ടീച്ചര്‍ അടക്കമുള്ളവരേ പൊതു സമൂഹം ഒറ്റപ്പെടുത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന ആഹ്വാനവുമായാണു പുതുപൊന്നാനി കടല്‍ തീരത്തു സര്‍ഗാത്മകമായ പ്രതിഷേധവുമായി മതേതര മനസുകള്‍ ഒത്തു ചേര്‍ന്നത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചറുടെ വര്‍ഗിയ പ്രസംഗത്തിനെതിരെ ' പോരുന്നോ കടല്‍ കാണാന്‍ പൊന്നാനിയിലേക്ക് ' എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പൊന്നാനിക്കടല്‍ മുസ്‌ലിംകളുടെതാണെന്നാണ് ശശികല നേരത്തേ പ്രസംഗിച്ചത് .
കേരളത്തിലെ വിവിധ മതവിശ്വാസികള്‍ പരസ്പരം അറിഞ്ഞു കൊണ്ടുള്ള വിളക്ക് കണ്ണികളാണെന്നും ആ വിളക്ക് ഊതിക്കെടുത്താനുള്ള ശ്രമം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതായും മതേതര സംഗമം ഉദ്ഘാടനം ചെയ്തു മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ പറഞ്ഞു. വി.ടി ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്‍ ചെരാതെ കത്തിച്ചു വര്‍ഗീയതയെ പ്രതീകാത്മകമായി കടലിലൊഴുക്കി. മുന്‍ എം പി സി. ഹരിദാസ് ,അനൂപ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."