റോഡ് കൈയേറിയ പൊന്തക്കാടുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു
പള്ളിക്കല്‍: റോഡിലേക്കു വളര്‍ന്നു നില്ക്കുന്ന പൊന്തക്കാടുകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നു. കാലിക്കറ്റ് സര്‍വകലാശാലാ കാംപസിനോട് ചേര്‍ന്നുള്ള ദേശീയപാത ചെട്ട്യാര്‍മാട് നിന്നും ഒലിപ്രം കടവിലേക്കുള്ള റോഡിലാണ് ഈ ദുരവസ്ഥ. ഇവിടെ ടാറിങ് ചെയ്ത റോഡിലേക്കു വരെ ഉയര്‍ന്നു നില്ക്കുന്ന പൊന്തക്കാടുകള്‍ വളവുകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുകയും കിലോ മീറ്ററുകളോളം ദൂരത്തില്‍ റോഡിന്റെ ഇരു സൈഡുകളിലും കാടുകള്‍ വളര്‍ന്നതു മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയുമാണ്. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ 65 കാരന് കാല്‍നട യാത്രക്കിടെ റോഡില്‍ ഓട്ടോ തട്ടി മരിച്ചത്. കഴിഞ്ഞ 21ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നടപ്പാതയില്ലാത്തതും അപകടകാരണമാകുന്നുണ്ട്.
ദേശീയപാതയില്‍ നിന്നും കടലുണ്ടി നഗരം, ചാലിയം, മണ്ണൂര്‍ എന്നീ ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. അപകടങ്ങള്‍ പതിവായ ചെട്ട്യാര്‍മാട് ഒലിപ്രംകടവ് റോഡില്‍ കാല് നടയാത്രക്കാര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാനും അപകടങ്ങള്‍ ഒഴിവാക്കാനും റോഡരികിലെ കാടുകള്‍ വെട്ടി മാറ്റി നടപ്പാത നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ കൈ കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."