ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു. പത്തു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. അതേസമയം ഇത്രയും പോയിന്റുകളുമായി ആഴ്‌സണല്‍ രണ്ടാമതും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഒരു പോയിന്റ് കുറവില്‍ ചെല്‍സി 22 പോയിന്റുകളുമായി നാലാം സ്ഥാനത്തും 20 പോയിന്റുകളുമായി ടോട്ടനം അഞ്ചാം സ്ഥാനത്തുമുണ്ട്. 18 പോയിന്റോടെ എവര്‍ട്ടന്‍ ആറാം സ്ഥാനത്ത്. 15 പോയിന്റുകളുമായി വാട്‌ഫോര്‍ഡ് ഏഴാമതും ഇത്രയും പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി പതിനൊന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സി- സതാംപ്ടനെയും എവര്‍ട്ടന്‍- വെസ്റ്റ് ഹാം യുനൈറ്റഡിനേയും 2-0ത്തിനു പരാജയപ്പെടുത്തിയിരുന്നു. ചെല്‍സിക്കായി ഈഡന്‍ ഹസാദും ഡീഗോ കോസ്റ്റയുമാണ് വല ചലിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ കോസ്റ്റ നേടുന്ന 40ാം ഗോളായിരുന്നു സതാംപ്ടനെതിരേ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍- ക്രിസ്റ്റല്‍ പാലസിനെ 4-2നു പരാജയപ്പെടുത്തി.
23 പോയിന്റുകള്‍ നേടി ആദ്യ മൂന്നു സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ ഏഴു വീതം ജയവും രണ്ടു സമനിലകളും ഒരു തോല്‍വിയുമാണ് നേടിയത്. ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ മാത്രമാണ് മൂന്നു ടീമുകള്‍ തമ്മിലുള്ള അന്തരം നില്‍ക്കുന്നത്. സിറ്റിക്ക് 15 ഗോള്‍ ശരാശരിയുള്ളപ്പോള്‍ ആഴ്‌സണലിനു 13ഉം ലിവര്‍പൂളിനു 11മാണ് ശരാശരി.
ലീഗിന്റെ തുടക്കത്തില്‍ ആറു മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് അപരാജിതരായി നിന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടു പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. പിന്നീടു നടന്ന ലീഗ് പോരാട്ടങ്ങളില്‍ സമനില കൂടി പാലിക്കേണ്ടി വന്നത് സിറ്റിക്ക് തിരിച്ചടിയായി. മറ്റു ടീമുകളുമായുണ്ടായിരുന്ന പോയിന്റ് പട്ടികയിലെ ലീഡ് അവര്‍ക്ക് പൂര്‍ണമായി നഷ്ടമായി. കഴിഞ്ഞ ദിവസം വെസ്റ്റ് ബ്രോംവിചുമായുള്ള പോരാട്ടത്തില്‍ 4-0ത്തിന്റെ വിജയം പിടിച്ചതാണ് അവരുടെ ഒന്നാം സ്ഥാനത്തിനു ഇളക്കം തട്ടാതെ നിര്‍ത്തിയത്.
പതിവു പോലെ ആഴ്‌സണല്‍ മുന്നേറ്റം നടത്തുന്നുണ്ട്. എല്ലാ സീസണിലും എന്ന പോലെ അവര്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കുന്നു. ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗണ്ണേഴ്‌സ് നിലവിലെ സ്ഥിരത നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ അവര്‍ക്ക് വേവലാതികളൊന്നുമില്ല. സാഞ്ചസും ഓസിലുമടങ്ങുന്ന സംഘം ഗോളടിച്ചുകൂട്ടുന്നതില്‍ പിശുക്കു കാണിക്കുന്നില്ല.
നടപ്പു സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ലിവര്‍പൂളാണ്. ഏതു ടീമിനും അവര്‍ ഇപ്പോള്‍ ഭീഷണിയാണ്. യുര്‍ഗന്‍ ക്ലോപിനു കീഴില്‍ മികച്ച ആക്രമണ ഫുട്‌ബോളാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ഫെര്‍മിനോ, കുട്ടീഞ്ഞോ സഖ്യത്തിന്റെ മികച്ച ഫോമും ടീമെന്ന നിലയില്‍ അവര്‍ പുറത്തെടുക്കുന്ന ഒത്തൊരുമയുമാണ് ശ്രദ്ധേയം.
ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കും ഭീഷണിയായി ചെല്‍സിയും മുന്നേറുന്നുണ്ട്. ഒറ്റ പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് ചെല്‍സി നാലാമതു നില്‍ക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ അവര്‍ കാണിച്ച അങ്കലാപ്പ് പോകെപോകെ ഇല്ലാതാകുന്ന കാഴ്ചയാണിപ്പോള്‍. ടീമെന്ന നിലയില്‍ അവര്‍ മികവു പുലര്‍ത്തുന്നു. ഹസാദ്, കോസ്റ്റ എന്നിവര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.
ലീഗില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറുകയാണ് ടോട്ടനം. പത്തു മത്സരങ്ങളില്‍ അഞ്ചു മത്സരങ്ങള്‍ അവര്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ അവസാനിച്ചു. സമനിലകളുടെ ബാഹുല്യമാണ് അവര്‍ക്ക് തിരിച്ചടിയായത്. എങ്കിലും നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ടോട്ടനത്തെ എഴുതി തള്ളാന്‍ കഴിയില്ല. ഈ അഞ്ചു ടീമുകള്‍ തമ്മിലുള്ള പോരാട്ടമാകും വരും ദിവസങ്ങളില്‍ പ്രീമിയര്‍ ലീഗിനെ ശ്രദ്ധേയമാക്കുക.
തുടക്കത്തില്‍ മുന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമെന്ന നിലയില്‍ ഇതുവരെ സെറ്റായിട്ടില്ല. പത്തു മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. മൂന്നു സമനിലകളും മൂന്നു തോല്‍വിയും നേരിട്ടു. റെക്കോര്‍ഡ് തുകയ്ക്ക് യുവന്റസില്‍ നിന്നു തിരിച്ചെത്തിച്ച പോള്‍ പോഗ്ബ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാത്തത് ടീമിനും കോച്ച് മൗറീഞ്ഞോയ്ക്കും തലവേദനയായി നില്‍ക്കുന്നു. ആരെ കൊള്ളണം ആരെ തള്ളണം എന്ന കാര്യത്തില്‍ പരിശീലകനു ഇപ്പോഴും സംശയം ബാക്കി നില്‍ക്കുന്ന പ്രതീതിയാണ് മാഞ്ചസ്റ്ററിന്റെ ടീം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള നാട്ടങ്കം വിജയിച്ചതാണ് അവര്‍ക്ക് ആകെ ആശ്വാസം. ഇനി വരുന്ന മത്സരങ്ങളിലെ പ്രകടനം റെഡ് ഡെവിള്‍സിനു നിര്‍ണായകമാണ്.
നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി മൂന്നു വിജയങ്ങള്‍ മാത്രമാണ് പത്തു മത്സരങ്ങളില്‍ നിന്നു നേടിയത്. അഞ്ചു തോല്‍വികള്‍ നേരിട്ടത് ടീമിനു ക്ഷീണമായി. കഴിഞ്ഞ തവണത്തെ അത്ഭുത മുന്നേറ്റം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കിലും അതിനടുത്തെത്തുന്ന പ്രകടനമെങ്കിലും നടത്താമെന്ന മോഹം പോലും അവര്‍ക്കു സാധിച്ചെടുക്കാനാകുന്നില്ല. ലീഗില്‍ 20ല്‍ 19 ടീമുകളും പത്തു മത്സരങ്ങളില്‍ ഒരു വിജയമെങ്കിലും സ്വന്തമാക്കിയപ്പോള്‍ അവസാന സ്ഥാനത്തുള്ള സണ്ടര്‍ലാന്‍ഡ് ഇതുവരെ ഒറ്റ മത്സരവും വിജയിച്ചില്ല. പത്തില്‍ എട്ടും തോറ്റ അവര്‍ക്ക് രണ്ടു മത്സരങ്ങള്‍ സമനിലയിലായതിലൂടെ ലഭിച്ച രണ്ടു പോയിന്റുകള്‍ മാത്രമാണ് സമ്പാദ്യം. മുന്‍ മാഞ്ചസ്റ്റര്‍ കോച്ച് ഡേവിഡ് മോയസിനെ സ്പാനിഷ് ടീം റയല്‍ സോസിഡാഡില്‍ നിന്നു എത്തിച്ച് ഇത്തവണ നേട്ടം സ്വന്തമാക്കാന്‍ ഇറങ്ങിയ ടീമിനു അതിനു സാധിച്ചില്ല. മോയസിന്റെ പരിശീലക സ്ഥാനത്തിനും ഇപ്പോള്‍ ഭീഷണി നില്‍ക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ മികവു പുലര്‍ത്തി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഉയരാന്‍ പോലും കഴിഞ്ഞില്ലെങ്കില്‍ ടീം തരതാഴ്ത്തല്‍ ഭീഷണി നേരിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."