വാണിമേല്‍ ബോംബേറ്; അന്വേഷണം ഊര്‍ജിതം
നാദാപുരം: കഴിഞ്ഞദിവസം വാണിമേലില്‍ സി.പി.എം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിനെ കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കണ്ടെത്താന്‍ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി വളയം എസ്.ഐ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ ഇന്നലെ ബോംബേറ് നടന്ന കുളപ്പറമ്പിലും പരിസരത്തും പരിശോധന നടത്തി. സമീപത്തെ രണ്ടു സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനും പൊലിസ് തീരുമാനിച്ചു.
മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബോംബേറെന്നാണ് പൊലിസും നാട്ടുകാരും കരുതുന്നത്. പൊതുവെ സംഘര്‍ഷങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ സ്‌ഫോടകവസ്തു എറിഞ്ഞതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലീഗിന്റെയും സി.പി.എമ്മിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് സ്ഥലത്ത് രൂപപ്പെടുമായിരുന്ന അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കിയത്.
സ്ഥലത്തു നിന്ന് പൊട്ടാതെ ലഭിച്ച സ്റ്റീല്‍ ബോംബ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തു വിദഗ്ധര്‍ കസ്റ്റഡിയിലെടുത്തു പരിശോധന നടത്തിയിരുന്നു. വന്‍ സ്‌ഫോടക ശേഷിയുള്ളവയാണ് ബോംബുകളെന്നാണ് പരിശോധനാ സംഘം വ്യക്തമാക്കിയത്.
കണ്ടെയ്‌നറിനുള്ളില്‍ നിറച്ച വെടിമരുന്ന് ഉണങ്ങാന്‍ ബാക്കിയുള്ളത് കൊണ്ടാണ് സ്‌ഫോടനം നടക്കാതിരുന്നത്. ഇതോടൊപ്പം മേഖലയില്‍ അടുത്ത കാലത്ത് ബൈക്കുകളിലെത്തി രാത്രികാല സ്‌ഫോടനം നടത്തിയ പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."