റോഡ് സുരക്ഷാ മുന്‍കരുതലിന് സംയുക്ത പരിശോധന
മലപ്പുറം: ജില്ലയിലെ വാഹനാപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി അവിടങ്ങളില്‍ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളൊരുക്കാം എന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി പൊലിസ്, മോട്ടോര്‍ വാഹന, പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ഇതിന്റെ ആദ്യഘട്ടമായി ജില്ലയില്‍ പതിവായി അപകടങ്ങള്‍ നടക്കാറുള്ള 15 ബ്ലാക്ക് സ്പോട്ടുകളിലും ദേശീയപാത 17ല്‍ ഇടിമുഴിക്കല്‍ മുതല്‍ വെന്നിയൂര്വരെയുമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. നവംബര്‍ ആദ്യവാരത്തില്‍തന്നെ റോഡ് ഓഡിറ്റ് നടത്തി ഓരോ സ്ഥലത്തും സ്വീകരിക്കാവുന്ന സുരക്ഷാ മുന്കരുതലുകളെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കും. തുടര്‍ന്നു നവംബര്‍ എട്ടിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ കൗണ്‍സില്‍ വീണ്ടും യോഗംചേര്‍ന്നു റിപ്പോര്‍ട്ടുകള്‍ വിലയിരുത്തും.
മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ പൊലിസ് സബ് ഡിവിഷനുകളില്‍നിന്നായി അഞ്ചു വീതം ബ്ലാക്ക് സ്പോട്ടുകളാണ് പരിശോധനയ്ക്കു തെരഞ്ഞെടുക്കുക. ദേശീയപാതയില്‍ വെന്നിയൂര്‍ മുതല്‍ ചങ്ങരംകുളംവരെയുള്ള ഭാഗത്തു പിന്നീട് റോഡ് ഓഡിറ്റ് നടത്തും. ജില്ലയിലെ റോഡുകളില്‍ മാഞ്ഞുപോയ സീബ്രാലൈനുകള്‍ മാറ്റിവരക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, സ്റ്റഡുകള്‍, റിംപിള്‍ സ്ട്രിപ്പുകള്‍ തുടങ്ങിയവ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
പാതവക്കുകളിലുള്ള സ്കൂളുകളോട് ചേര്‍ന്നു കുട്ടികള്‍ക്കു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പണിയാന്‍ നടപടി കൈക്കൊള്ളും. മലപ്പുറം സിവില്‍ സ്റ്റേഷനകത്ത് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് തടയുന്നതിന് നടപടി സ്വീകരിക്കും. കുറ്റിപ്പുറം ദേശീയപാത ബൈപ്പാസ് ജങ്ക്ഷനില്‍ റെഡ് ലൈറ്റ് വൈലറ്റ് കാമറ സ്ഥാപിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ.സി മോഹനന്, റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി, ഡിവൈ.എസ്.പിമാരായ പി.എം പ്രദീപ്, കെ. അബ്ദുല്‍ഖാദര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."