ഉഡാന്‍ മാതൃകയില്‍ വിമാനടിക്കറ്റില്‍ ഇളവ് അനുവദിക്കണമെന്ന്
ദോഹ: കുറഞ്ഞ ചെലവില്‍ വിമാനയാത്ര നടത്താന്‍ ഇന്ത്യ ആവിഷ്ക്കരിച്ച ഉഡാന്‍ പദ്ധതിയുടെ മാതൃകയില്‍ പ്രവാസികള്‍ക്കും വിമാനടിക്കറ്റില്‍ ഇളവ് അനുവദിക്കണമെന്ന് ഗൈഡ് ഖത്തര്‍ ആവശ്യപ്പെട്ടു.
വിമാനക്കമ്പനികളുമായി ചേര്‍ന്ന് കുറഞ്ഞനിരക്കിലുള്ള വിമാനയാത്രാ പദ്ധതികള്‍ ആവിഷ്കരിക്കാമെന്നിരിക്കേ പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ കെ.എം.സി.സിയുടെ കീഴിലുള്ള ഗൈഡ് ഖത്തര്‍ പ്രതിഷേധിച്ചു. സാധാരണക്കാര്‍ക്ക് വിമാനയാത്ര സാധ്യമാക്കുന്നതിനായി ആവിഷ്കരിച്ച ഉഡാന്‍ പദ്ധതിയെ ഗൈഡ് ഖത്തര്‍ അഭിനന്ദിച്ചു.
ഇന്ത്യയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന പ്രവാസി ഇന്ത്യക്കാരുടെ പഴക്കംചെന്ന പരാതികളായ വിമാന ചാര്‍ജ് വര്‍ധന, സീസണല്‍ ചാര്‍ജ് വര്‍ധന എന്നിവ ഇല്ലാതാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാത്തതില്‍ പ്രവാസി സമൂഹത്തിന് അസംതൃപ്തിയുണ്ടെന്നും ഗൈഡ് ഖത്തര്‍ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി പ്രവാസികള്‍ക്കും കുറഞ്ഞ വിമാനയാത്രാ പദ്ധതികള്‍ തയാറാക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ പ്രവാസികളെ കൂടുതല്‍ ചൂഷണം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഉഡാന്‍ പോലുള്ള പദ്ധതികള്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നതിന് ഖത്തറിലെ പ്രവാസികളില്‍ നിന്നും ഒപ്പ് ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുമെന്നും ഗൈഡ് അറിയിച്ചു. ഗൈഡ് ഖത്തര്‍ ചെയര്മാന് അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി അധ്യക്ഷനായി. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇസ്മാഈല്‍ ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."