പാകിസ്താനില്‍ പൊളിക്കാനെത്തിച്ച കപ്പലില്‍ സ്‌ഫോടനം:14 മരണം
കറാച്ചി: പാകിസ്താനില്‍ കപ്പല്‍പൊളിശാലയില്‍ പൊളിക്കാനായി എത്തിച്ച എണ്ണ കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 50 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തകര്‍ന്ന കപ്പലിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താനിലെ ദക്ഷിണ ബലൂചിസ്താനിലെ ഗദാനി കപ്പല്‍പൊളിശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് കപ്പല്‍പൊളിശാലയില്‍ ഏതാണ്ട് 100ഓളം പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.
എണ്ണ ടാങ്കറില്‍ വെല്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. ഒന്നിനുപിറകെ ഒന്നായി എട്ടുസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ പരമിതമായിരുന്നതും ഒരു അഗ്നിശമന സേനാ യൂനിറ്റുമാത്രം സ്ഥലത്തുണ്ടായിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. തുടര്‍ന്ന് കപ്പലിന് തീപിടിക്കുകയും ചെയ്തു. സംഭവത്തില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍, പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്നിവര്‍ അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് ഏറ്റവും നല്ല ചികിത്സ നല്‍കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."