പരിയാരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു
തളിപ്പറമ്പ്: പരിയാരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്യം പാലം വളവില്‍ ഇന്നലെ വൈകുന്നേരം 3.30ഓടെയായിരുന്നു അപകടം. കാസര്‍കോട് നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ണൂരില്‍ നിന്നു കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സിയുമാണ് കൂട്ടിയിടിച്ചത്. വൈകുന്നേരം പെയ്ത മഴയില്‍ റോഡിലെ വെള്ളത്തില്‍ തെന്നി ബസുകള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇരു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നീലേശ്വരം സ്വദേശി രാജീവ്(32), കടന്നപ്പള്ളിയിലെ വിജിന(30) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. കാഞ്ഞങ്ങാട് ബസിലെ ഡ്രൈവര്‍ ചേടിച്ചേരി സ്വദേശി രാജന്‍(48), കണ്ണൂര്‍ ബസിലെ ഡ്രൈവര്‍ മോറാഴയിലെ രാജീവന്‍(46), എരുവാട്ടി സ്വദേശികളായ ഖദീജ(40), ഹസന്‍(47), മോറാഴയിലെ കമലാക്ഷി(50), നീലേശ്വരം സ്വദേശികളായ സുചിത്ര(26), സേവ്യര്‍(50), തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ രതി(41), കാനായിയില പ്രഭാകരന്‍(60), എടാട്ട് സ്വദേശികളായ രവീന്ദ്രന്‍(42), വിനോദ്(45), കുടിയാന്‍മല അരങ്ങിലെ വില്‍സണ്‍(49), കുറ്റൂര്‍ സ്വദേശികളായ ഉഷ(41), ബാലകൃഷ്ണന്‍(52), പയ്യന്നൂരിലെ ചന്ദ്രന്‍(68), കുറ്റിക്കോലിലെ രാജേഷ്(35), എണ്ണപ്പാറ സ്വദേശികളായ സതീശന്‍(26), മഹേഷ്(18), കല്യാശേരിയിലെ ശശിധരന്‍(46), മാവുങ്കോട്ടെ ബാബു(30), ചെങ്ങളായിയിലെ മറിയം(72) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പരിയാരം പൊലിസും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."