മാതൃകാ ബൂത്തില്‍ ഓപണ്‍ വോട്ടുകള്‍ വര്‍ധിച്ചു; പോളിങ് ഇഴഞ്ഞുനീങ്ങി
മാവൂര്‍: മാതൃകാ പോളിങ് സ്‌റ്റേഷനായി അധികൃതര്‍ തിരഞ്ഞെടുത്ത നെച്ചിക്കാട്ട്കടവ് ചെറൂപ്പ ജി.എല്‍.പി സ്‌കൂളില്‍ ഓപണ്‍ വോട്ടുകള്‍ ക്രമാതീതമായി വര്‍ധിച്ചത് പോളിങ് മന്ദഗതിയിലാക്കി. രാവിലെ മുതല്‍ തന്നെ ഇവിടെ നീണ്ടവരി പ്രത്യക്ഷപ്പെട്ടിരുന്നു.
പോളിങ് സമയം അവസാനിച്ച ആറുമണിക്കും നൂറ്റിമുപ്പതില്‍പരം വോട്ടര്‍മാര്‍ വരിയിലുണ്ടായിരുന്നു. ഇവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കി. തുടര്‍ന്ന്, വൈകിട്ട് ഏഴോടെയാണ് ഇവിടെ പോളിങ് അവസാനിച്ചത്.
അതേസമയം, മാവൂര്‍ അടുവാട് എ.എല്‍.പി സ്‌കൂളിലെ ബൂത്തിലേക്ക് വോട്ടര്‍മാരെ വാഹനത്തില്‍ കൊണ്ടുവരുന്നതിനെ ചൊല്ലി എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലിസെത്തി ഇരുവിഭാഗത്തെയും നീക്കംചെയ്തു.
അവസാനം വോട്ടര്‍മാരെ ഓട്ടോറിക്ഷയില്‍മാത്രം കൊണ്ടുവരാമെന്നു നിശ്ചയിക്കുകയായിരുന്നു.
കണ്ണിപറമ്പ് പടാരുകുളങ്ങര നവരഞ്ജിനി വായനശാലയില്‍ പ്രവര്‍ത്തിച്ച ബൂത്തില്‍ വോട്ടിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകാരണം 20 മിനിറ്റ് വൈകിയാണ് പോളിങ് തുടങ്ങിയത്. ഇവിടെ പോളിങ് 6.20 വരെ നീണ്ടു.
മാവൂര്‍ ശിശുമന്ദിരത്തില്‍ പ്രവര്‍ത്തിച്ച ബൂത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വോട്ടര്‍മാരെ നിയന്ത്രിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോളിങ് തടസപ്പെടുത്തി. ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. തുടര്‍ന്ന്, പൊലിസ് പ്രവര്‍ത്തകരെ നീക്കംചെയ്ത ശേഷമാണ് പോളിങ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."