കുന്നുകള്‍ നാടുനീങ്ങി; പടിഞ്ഞാറന്‍ മേഖല കടുത്ത പരിസ്ഥിതി ഭീഷണിയില്‍
ആനക്കര: തൃത്താല മേഖലയിലെ പരിസരങ്ങളില്‍ കുന്നുകള്‍ ഇടിച്ചുനിരത്തലും ചതുപ്പുകള്‍ മണ്ണിട്ടുനികത്തലും വ്യാപകമായിരിക്കുകയാണ്. ജിയോളജി വകുപ്പാണിതിന് അനുമതി നല്‍കുന്നത്. ഒരു മാനദണ്ഡവുമില്ലാതെ അനുമതിനല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. മണ്ണ് നീക്കം ചെയ്ത് ചതുപ്പുകള്‍, വയലുകള്‍ എന്നിവ നികത്തുന്നുണ്ടോയെന്ന പരിശോധനയുമില്ല. ഭൂമാഫിയകളാണ് ഇതിന് പിന്നിലേറെയും.
സ്ഥലത്തുവന്ന് പരിശോധനപോലുമില്ലാതെ നിശ്ചിത ഫീസ് അടക്കുന്നവര്‍ക്കെല്ലാം ജിയോളജി വകുപ്പ് അനുമതിനല്‍കുന്നുവെന്നതാണ് സ്ഥിതി. 100 ഘന അടിക്ക് 20 രൂപ എന്ന നിരക്കില്‍ മണ്ണ് കുഴിച്ച് നീക്കംചെയ്യുന്നതിന് നിശ്ചയിച്ച ഫീസുണ്ട്. അത് അടക്കുന്നതിന് പുറമെ ഉദ്യോഗസ്ഥരെ 'കാണേണ്ടപോലെ കാണുകയും' ചെയ്യുമ്പോള്‍ കാര്യം എളുപ്പമാകും. എന്നാല്‍, കുന്നുകള്‍ ഇടിച്ചയിടങ്ങളില്‍ പരിസരപ്രദേശത്തെ ജലസ്രോതസുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു.
ഇതൊന്നും പരിശോധിക്കാതെയാണ് അനുമതി നല്‍കുന്നത് എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. വയലുകള്‍ മണ്ണിട്ടുനികത്തി കമുക് വച്ചുപിടിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം കരഭൂമി എന്ന് റവന്യൂരേഖകളില്‍ തിരുത്തല്‍ വരുത്തുന്നു. ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് പിന്നീട് വില്‍പന നടത്തുകയോ റിസോര്‍ട്ട്, ഹോം സ്‌റ്റേ എന്നിവയാക്കി മാറ്റുകയോ ആണ് ഭൂമാഫിയകള്‍ ചെയ്യുന്നത്.
റവന്യൂ, ജിയോളജി വകുപ്പുകള്‍ ഇതിനുനേരെ കണ്ണടക്കുന്നു. റവന്യൂവകുപ്പ് സ്‌റ്റോപ് മെമ്മോ കൊടുത്തയിടങ്ങളിലും ഇപ്പോള്‍ ജിയോളജി വകുപ്പ് അനുമതിനല്‍കുന്നുവെന്നും ആക്ഷേപമുണ്ട്. ഈ മേഖലയിലുളള മഴയുടെ ലഭ്യതകുറവ് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."