മഴ പെയ്താല്‍ തൊടുപുഴയില്‍ വെള്ളപ്പൊക്കം; വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം
തൊടുപുഴ: തുലാമഴയില്‍ തൊടുപുഴ നഗരം വെള്ളത്തിലായി. കടകളില്‍ വെള്ളം കയറി ഒട്ടേറെ വ്യാപാരികള്‍ക്കു നാശനഷ്ടം.
ഇന്നലെ മൂന്നരയോടെ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നു നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം ഉയര്‍ന്നത് ഏറെ നേരം ഗതാഗത തടസ്സത്തിനും ഇടയാക്കി. നഗരത്തില്‍ പ്രധാന വീഥികളില്‍ പലഭാഗത്തും വെള്ളം ഉയര്‍ന്നു കടകളില്‍ കയറിയതു വ്യാപാരികള്‍ക്കു വന്‍നാശനഷ്ടത്തിനു കാരണമായി.പാലാ റോഡില്‍ മണക്കാട് ജങ്ഷന്‍ മുതല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം വരെയുള്ള ഭാഗത്തു വെള്ളം ഉയര്‍ന്നു ഗതാഗതതടസ്സമുണ്ടായി. പഴയ മണക്കാട് റോഡ്, മൗണ്ട് സീനായ് റോഡ് ജങ്ഷന്‍, റോട്ടറി ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയര്‍ന്നു . ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജങ്ഷന്‍, കാഞ്ഞിരമറ്റം ജങ്ഷന്‍, മങ്ങാട്ടുകവല -കാരിക്കോട് റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയര്‍ന്നതു മൂലം ഗതാഗത തടസ്സം ഉണ്ടായി.
ഈ ഭാഗത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കഴിഞ്ഞവര്‍ഷവും തുലാവര്‍ഷത്തില്‍ ഈ ഭാഗത്തു വെള്ളം ഉയര്‍ന്നു വ്യാപാരികള്‍ക്കു വന്‍ നാശനഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞദിവസം മലങ്കര ഡാമിലെ ഷട്ടറുകള്‍ താഴ്ത്തിയതിനെ തുടര്‍ന്നു വറ്റിവരണ്ടു കിടന്ന തൊടുപുഴയാര്‍ ഇന്നലെ കനത്ത മഴയില്‍ നിറഞ്ഞ് ഒഴുകി. മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്നു മരം വീണും മറ്റും പല ഭാഗത്തും വൈദ്യുതി വിതരണവും താറുമാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."