ജില്ലയില്‍ സര്‍ക്കാര്‍ കണക്കില്‍ 146 പാറമടകള്‍; അനധികൃത മടകള്‍ നിരവധി
പരിശോധന പേരിനുമാത്രം
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് ജില്ലയില്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍
തൊടുപുഴ: ജില്ലയില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത് 146 പാറമടകള്‍ മാത്രം. തോട്ടം മേഖലയില്‍ ഉള്‍പ്പടെ അനധികൃത പാറമടകള്‍ നിരവധി. സര്‍ക്കാര്‍ ഭൂമിയിലും പട്ടയഭൂമിയിലും പ്രവര്‍ത്തിക്കുന്ന പാറമടകളെക്കുറിച്ച് നിരവധി ആക്ഷേപങ്ങളുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപിച്ചുള്ള പരിശോധന നടക്കുന്നില്ലെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് പരിശോധന നടക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃത പാറമടകള്‍ കണ്ടെത്തേണ്ട ചുമതല നാട്ടുകാരുടെ ഉത്തരവാദിത്വമാവുന്നു.
ഒരു വര്‍ഷത്തേക്ക് റോയല്‍റ്റിഅടച്ച് പ്രവര്‍ത്തിക്കുന്ന 110 പാറമടകളും, പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന 36 പാറമടകളുമാണ് ജില്ലയിലുള്ളത്. ആദ്യത്തേതില്‍ 22 ഉും പാട്ടത്തിന് നല്‍കിയതില്‍ 18 എണ്ണവും സര്‍ക്കാര്‍ ഭൂമിയിലുള്ളതാണ്. റവന്യു, മൈനിങ് ആന്‍ഡ് ജിയോളജി,എക്‌സ്‌പ്ലോസീവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപ്പഞ്ചായത്ത് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ പരിശോധനക്കുശേഷമാണ് പാറ പൊട്ടിക്കാനുള്ള ലൈസന്‍സ് നല്‍കുന്നത്.
ലൈസന്‍സ് നല്‍കുന്നതോടെ പരിശോധനയും അവസാനിക്കുന്നു. പാറമടകള്‍ പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും നാശം വരുത്തുന്നുണ്ടോയെന്നത് ആരും പരിശോധിക്കുന്നില്ല. പാറമടകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് ജില്ലയിലുള്ളത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രം.
ഹൈറേഞ്ചിലാകെ ഇവര്‍ പരിശോധിക്കുക എന്നത് അസാധ്യവും. ചെറുതും വലുതുമായ അനധികൃത പാറമടകള്‍ വ്യാപകമാണെങ്കിലും അധികൃതര്‍ ഒന്നും കാണുന്നില്ല. നാട്ടുകാരും പരിസ്ഥിതിസംഘടനകളും രംഗത്തുവരുമ്പോള്‍ മാത്രമാണ് പരിശോധനയ്‌ക്കെത്തുന്നത്.
കൃത്യമായ ഇടവേളകളില്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ചു പരിശോധിച്ചാല്‍ മാത്രമേ അനധികൃത പാറഖനനം നിയന്ത്രിക്കാനാവൂയെന്ന് അധികൃതര്‍ പറയുന്നു. ലൈസന്‍സുള്ള പാറമടകള്‍ നിയമം ലംഘിക്കുന്നുണ്ടോയെന്നത് പരിശോധിക്കുകയും വേണം. വര്‍ഷങ്ങളായി ഇതു രണ്ടും നടക്കുന്നില്ല. ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പുതുക്കുന്ന സമയത്തുമാത്രമാണ് രേഖകള്‍ ഹാജരാക്കേണ്ടത്.
ഇടയ്ക്കുള്ള തടസ്സങ്ങളെല്ലാം കൈക്കൂലിയില്‍ ഒതുക്കാന്‍ കഴിയും. പൊലിസ്, റവന്യു, ജിയോളജി ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തിയാല്‍ തന്നെ നിയമലംഘനങ്ങള്‍ തടയാന്‍ കഴിയും. പക്ഷേ, ഏകോപിച്ചുള്ള പ്രവര്‍ത്തനം ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."