എ.ഐ.സി.സി പുനഃസംഘടന വൈകും
ന്യൂഡല്‍ഹി: എ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പ് ഒരുവര്‍ഷം വരെ നീണ്ടേക്കും. പാര്‍ട്ടി കടുത്ത അഗ്നിപരീക്ഷ നേരിടുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനാലാണ് സംഘടനാ തെരഞ്ഞെടുപ്പ് നീളുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളാണിവ. തിങ്കളാഴ്ച എ.ഐ.സി.സി പ്രവര്‍ത്തക സമിതിയോഗം ചേരുന്നുണ്ട്. യോഗത്തില്‍ സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ചു തീരുമാനമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പും പരിഗണിച്ച് എ.ഐ.സി.സി പുനഃസംഘടന നീട്ടിവയ്ക്കാനും അധ്യക്ഷസ്ഥാനത്തെ സോണിയാ ഗാന്ധിയുടെ കാലാവധി നീട്ടിനല്‍കാനും യോഗത്തില്‍ തീരുമാനമുണ്ടാവും.
എല്ലാ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ പറയുന്ന കാലപരിധിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തി ഭാരവാഹിപ്പട്ടിക തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്നു ചട്ടമുണ്ട്. ദേശീയ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളെ കോണ്‍ഗ്രസില്‍ മൂന്നുകൊല്ലത്തേക്കാണ് തെരഞ്ഞെടുക്കാറുള്ളത്. ഈ ഡിസംബര്‍ ഒന്‍പതിന് 70ാം ജന്‍മദിനം ആഘോഷിക്കുന്ന സോണിയ, അടുത്തമാസത്തോടെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി 18 വര്‍ഷം പിന്നിടുകയുമാണ്. 1998ലാണ് സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. പിന്നീട് പദവിയിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സോണിയയുടെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടത്താതെ ഒരുവര്‍ഷത്തേക്കു നീട്ടുകയായിരുന്നു. അത് ഈ ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പു നടത്താന്‍ സമയം നീട്ടിനല്‍കണമെന്ന് കോണ്‍ഗ്രസ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 16നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചയാവും.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നിശ്ചയിച്ച് ഉടന്‍ തീരുമാനമാണ്ടായേക്കുമെന്ന് ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് നീണ്ടുപോവുകയായിരുന്നു. പുനഃസംഘടനയില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ജയറാംരമേശിനെപ്പോലുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ സ്ഥാനാരോഹണം എത്രയും നേരത്തെയാക്കണമെന്ന വാദക്കാരാണ്. എന്നാല്‍ യു.പി തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ഗാന്ധി സജീവമായ ഇടപെട്ടുവരുന്ന ഘട്ടത്തില്‍ ധൃതിപിടിച്ചു സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സ്ഥാനാരോഹണം വേണ്ടെന്നാണ് എ.ഐ.സി.സി കരുതുന്നത്.
യു.പി തെരഞ്ഞെടുപ്പു ചൂടിനു പുറമെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ സംഘടനാതെരഞ്ഞെടുപ്പും ഹൈക്കമാന്‍ഡിനു തലവേദനയായിട്ടുണ്ട്. ഒഡീഷ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സംഘടനാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഒഡീഷയിലെ 23 ഡി.സി.സി അധ്യക്ഷന്‍മാരും കഴിഞ്ഞദിവസം രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രൂപ്പിസം ഉച്ചിയിലെത്തിയ ജാര്‍ഖണ്ഡ് ഘടകവുമായി രാഹുല്‍ ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തിയേക്കും. ചില സംസ്ഥാന നേതൃത്വങ്ങള്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്ന് എ.ഐ.സി.സി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവണതകള്‍ രാഹുല്‍ വരുന്നതോടെ ഇല്ലാതാവുമെന്നും അവര്‍ കരുതുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഏതുസമയവും രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അതു നീണ്ടുപോവുകയായിരുന്നു. രാഹുല്‍ അധ്യക്ഷനായാലും ഉപദേശകയുടെ റോളില്‍ സോണിയ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."