നമ്മുടെ ചികിത്സാരീതികള്‍
വിവിധതരം ചികിത്സാരീതികള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. ഇവയില്‍ മുഖ്യമാണ് ആധുനിക വൈദ്യശാസ്ത്രം. ആയുര്‍വേദം, ഹോമിയോപ്പതി,സിദ്ധവൈദ്യം,യൂനാനി, പ്രകൃതി ചികിത്സ, റെക്കി എന്നിങ്ങനെ നിരവധി ചികിത്സാ രീതികളും നാം അനുയോജ്യമാം വിധം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയെക്കുറിച്ചാണ് ഈ ലക്കം.
ആയുര്‍വേദം
ഭാരതീയ ചികിത്സാരീതിയാണ് ആയുര്‍വേദം. ചികിത്സാരീതിയെന്നതിനോടൊപ്പം സമ്പൂര്‍ണ ആരോഗ്യ സംരക്ഷണ രീതികൂടിയാണ് ആയുര്‍വേദം. അഥര്‍വവേദത്തിന്റെ ഉപവേദമായി കണക്കാക്കുന്ന ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്നത് ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്. ഇന്നു ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളാണ് ചരകന്‍ രചിച്ച ചരകസംഹിത,സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്നിവ. ശസ്ത്രക്രിയകളുടെ(ശല്യക്രിയ) പിതാവായി അറിയപ്പെടുന്നത് സുശ്രുതന്‍ ആണ്. അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വാഗ്ഭടന്‍. വാതം, പിത്തം, കഫം എന്നിവയാണ് ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍. ഇവയനുസരിച്ചാണ് രോഗനിര്‍ണയവും ചികിത്സയും നിര്‍ദേശിക്കുന്നത്. വിവിധ തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ആയുര്‍വേദത്തിലെ ഔഷധനിര്‍മാണം. കഷായം, അരിഷ്ടം,തൈലം,ചൂര്‍ണം,ഘൃതം,ഭസ്മസിന്ദൂരം,ലേഹ്യം, ഗുളിക എന്നിവയാണ് ഔഷധങ്ങള്‍. വാമനം,വിരേചനം,വസ്തി, നസ്യം തുടങ്ങിയ ചികിത്സാവിധികളുപയോഗിച്ചാണ് രോഗിയെ ചികിത്സിക്കുന്നത്.
ഹോമിയോപ്പതി
ജര്‍മന്‍ ഭിഷഗ്വരന്‍ സാമുവല്‍ ഹനിമാനാണ് ഹോമിയോപ്പതി ചികിത്സാസമ്പ്രദായം രൂപപ്പെടുത്തിയത്. ജര്‍മനി, ഇന്ത്യ, ബ്രിട്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലാണ് ഹോമിയോപ്പതി പ്രചാരത്തിലുള്ളത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചികിത്സാ രീതിയാണിത്. രോഗങ്ങള്‍കുകാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഹനിമാന്‍ ഹോമിയോപ്പതി ചികിത്സ ആരംഭിച്ചത്. വിവിധ സസ്യ-ജൈവവസ്തുക്കളും മൂലകങ്ങളും പരമാവധി നേര്‍പ്പിച്ചാണ് ഔഷധങ്ങള്‍ നിര്‍മിക്കുന്നത്. ഈ നേര്‍പ്പിക്കല്‍ രീതിക്ക് വിവിധ തരത്തിലുളള വിമര്‍ശനങ്ങളുണ്ട്. നേര്‍പ്പിക്കുംതോറും വീര്യം കൂടുമെന്ന സിദ്ധാന്തം ആധുനിക ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കെതിരാണ്. സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന സിദ്ധാന്തവും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. രോഗത്തിനല്ല രോഗിയെയാണ് ഹോമിയോപ്പതിയില്‍ ചികിത്സിക്കുന്നത്.
സിദ്ധവൈദ്യം
സിദ്ധി,സിദ്ധം എന്നീ തമിഴ് വാക്കുകളില്‍ നിന്നാണ് സിദ്ധമെന്ന പേരിന്റെ വരവ്. തമിഴ് ഋഷിവര്യന്മാരാണ് ഈ ചികിത്സാരീതിയുടെ ഉപജ്ഞാതാക്കള്‍. അഗസ്ത്യമുനിയാണ് സിദ്ധവൈദ്യത്തിന്റെ പിതാവ്. ശിവ പത്‌നിയായ പാര്‍വതിക്കു ലഭിച്ച വൈദ്യജ്ഞാനം പുത്രനായ സുബ്രഹ്മണ്യനിലൂടെയാണ് അഗസ്ത്യ മുനിയിലെത്തിയത്. നവസിദ്ധന്മാര്‍,നവനാഥ സിദ്ധന്മാര്‍, നവകോടി സിദ്ധന്മാര്‍ എന്നിങ്ങനെ സിദ്ധവൈദ്യന്മാരെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇവയില്‍പ്പെട്ട പതിനെട്ട് സിദ്ധന്മാരായ പതിനെണ്‍ സിദ്ധന്മാരാണ് ഈ വൈദ്യശാസ്ത്രത്തിന്റെ ആചാര്യന്മാര്‍. ഇത് ഒരേ സമയം വൈദ്യശാസ്ത്രവും ജീവിത ദര്‍ശനങ്ങളുമാണ്. വൈദ്യം,വാതം,യോഗം,ജ്ഞാനം എന്നിവയാണ് ഈ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍. പഞ്ചഭൂതതത്വം, മനുഷ്യശരീരനിര്‍മിതമായ 96 തത്വം, വാതം, പിത്തം, കഫം എന്നിവയടങ്ങിയ ത്രിദോഷസിദ്ധാന്തം തുടങ്ങിയവയാണ് സിദ്ധവൈദ്യത്തിന്റെ മൂലതത്വങ്ങള്‍. ശസ്ത്രക്രിയാവിധികളും നിരവധി രോഗപ്രതിരോധ വിധികളും ഇതിലുണ്ട്. തൊക്കണം,യോഗം,മര്‍മ്മം,ധ്യാനം തുടങ്ങിയ ചികിത്സാരീതികളും സിദ്ധവൈദ്യം നിര്‍ദേശിക്കുന്നുണ്ട്.
യൂനാനി
തെക്കേ ഏഷ്യയില്‍ പ്രചാരത്തിലുള്ള ഒരു പാരമ്പര്യ ചികിത്സാരീതിയാണിത്. യൂനാനി എന്ന പദം ഗ്രീക്കില്‍നിന്നാണ് ഉല്‍ഭവിച്ചത്. ഗ്രീക്ക് ഭാഷയില്‍ യൂന്നന്‍ എന്ന പദത്തിന് ഗ്രീസ് എന്നാണര്‍ഥം. ഗ്രീക്ക് ഭിഷഗ്വരന്‍ ഹിപ്പോക്രാറ്റസിന്റെ ചതൂര്‍ഭൂത ദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങളും റോമന്‍ ഭിഷഗ്വരന്‍ ഗാലന്‍, ഇബ്‌നുസീന (അവിസെന്ന) എന്നിവരുടെ ഗവേഷണനിരീക്ഷണങ്ങളുമാണ് യൂനാനിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍. അറേബ്യന്‍,പേര്‍ഷ്യന്‍ ഭിഷഗ്വരന്മാരാണ് യൂനാനിയെ ഒരു ചികിത്സാ രീതിയായി വളര്‍ത്തിയെടുത്തത്. മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് അര്‍കാന്‍ (Elements),മിസാജ് (Temperament),അഖ്‌ലാത്ത് (Humours)ആസ(Organs),അര്‍വാഹ് (Spirit),അഫ്ആല്‍ (Functions)എന്നിങ്ങനെ അടിസ്ഥാന ഘടകങ്ങളുണ്ടെന്നും അവയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗത്തിനു കാരണമെന്നും യൂനാനിയില്‍ വിവരിക്കുന്നു.
സൗദ(വാതം),സഫ്ര(പിത്തം),ബല്‍ഗം(കഫം),ദം(രക്തം)എന്നീ ചതുര്‍ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് യൂനാനിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്. ദല്‍ഹി സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ യൂനാനി കൊണ്ടുവന്നത്. ഹക്കീമുകള്‍ എന്നാണ് യൂനാനി വൈദ്യന്മാരെ വിളിച്ചിരുന്നത്. ഇബ്‌നു സീനയുടെ അല്‍ കാനൂന്‍ ഫിത്വിബ്, സകരിയ്യാ റാസിയുടെ കിതാബുല്‍ ഹാവീ ഫിത്വിബ് എന്നിവ ഈ ചികിത്സാ രീതിയുടെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതുന്നു.
പ്രകൃതി ചികിത്സ
ഡോ. ഐസക് ജന്നിങ്‌സ്, റസല്‍ താങ്കര്‍ത്രാള്‍, ഫാ.സിര്‍വസര്‍ ഗ്രഹാം, അഡോള്‍ഫ് ജസ്റ്റിന്‍, ജോണ്‍ എച്ച് ടില്‍ഡണ്‍,ആര്‍നോള്‍ഡ് റിക്ലി,വിന്‍സെന്റ് പ്രസ്‌നിറ്റ്‌സ് തുടങ്ങിയ നിരവധി വ്യക്തികളിലൂടെയാണ് പ്രകൃതി ചികിത്സയുടെ വളര്‍ച്ചയുണ്ടായത്. ഗാന്ധിജിയാണ് ഇന്ത്യയില്‍ പ്രകൃതി ചികിത്സയ്ക്ക് പ്രാചാരം നല്‍കിയത്. കേരളത്തില്‍ ഇവ അറിയപ്പെടുന്നത് കൂനി ചികിത്സയെന്ന പേരിലാണ്. ജര്‍മന്‍കാരനായ ലൂയി കൂനിയുടെ പേരില്‍ നിന്നാണ് ഈ പേരിന്റെ വരവ്. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചു ജീവിച്ച് രോഗത്തെ പ്രതിരോധിക്കുകയും രോഗത്തെ പ്രകൃതി ഘടകങ്ങളായ വായു, ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവയുപയോഗിച്ച് അതിജീവിക്കുകയും ചെയ്യുകയെന്നതാണ് ഈ ചികിത്സാവിധിയുടെ അടിസ്ഥാനം. സമീകൃത ആഹാരത്തിന്റെ കുറവാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഈ കുറവ് നികത്തുന്നതോടെ ശരീരം പ്രതിരോധം നേടിത്തുടങ്ങും. പ്രകൃതി ചികിത്സയില്‍ ഭക്ഷണവും ഒരു ഔഷധമായി കണക്കാക്കുന്നു. മനുഷ്യ ശരീരത്തിന് സ്വന്തമായി രോഗം മാറ്റാനുള്ള കഴിവുണ്ട്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കിയെടുക്കലാണ് പ്രകൃതി ചികിത്സയില്‍ ആദ്യം ചെയ്യുന്നത്. ഇതിനായി ഉപവാസം, എനിമ എന്നിവ സ്വീകരിക്കുന്നു.
റെക്കി
മികാവോ ഉസൂയി എന്ന ഡോക്ടര്‍ വികസിപ്പിച്ചെടുത്ത ഔഷധ രഹിത ചികിത്സാസംവിധാനമാണ് റെക്കി. ജപ്പാന്‍ ഭാഷയിലെ റെ,കി എന്നീ പദങ്ങള്‍ ചേര്‍ന്നാണ് റെക്കി എന്ന വാക്കിന്റെ വരവ്.റെ എന്നാല്‍ പ്രപഞ്ചത്തിന്റേത് എന്നാണര്‍ഥം. കി എന്നാല്‍ ജീവോര്‍ജ്ജവും. ഊര്‍ജ്ജ ചികിത്സയായും സ്പര്‍ശ ചികിത്സയായും ഇവ അറിയപ്പെടുന്നു. മനസും ശരീരവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് റെക്കിയില്‍ ചികിത്സ നടത്തുന്നത്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഊര്‍ജ്ജ മണ്ഡലമായ റെക്കി ചികിത്സപ്രകാരം ചികിത്സകന് ലോകത്തിന്റെ ഏതു കോണിലിരുന്നും രോഗിയെ ചികിത്സിക്കാനാകും. കാലം ,ദൂരം എന്നിവ കേവലം മിഥ്യാസങ്കല്‍പ്പങ്ങളാണെന്നാണ് റെക്കി ചികിത്സയിലെ തത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."