നാട്ടുകാര്‍ക്ക് പരിഭ്രാന്തി; അപകടവിവരം മറച്ചുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍
കളമശ്ശേരി: എച്ച്.ഐ.എല്ലില്‍ വാതകച്ചോര്‍ച്ച ഉണ്ടായതറിഞ്ഞ സമീപവാസികള്‍ എന്തു ചെയ്യണമെന്നറിയാതെപരിഭ്രാന്തരായി. അപകടം അറിഞ്ഞവര്‍ കമ്പനി ഗേറ്റിനടുത്തേക്ക് ഓടിക്കൂടിയതോടെ വന്‍ ജനക്കൂട്ടമായി മാറി.
വ്യവസായ മേകലയില്‍ ഇതാദ്യമായാണു കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ചോരുന്നത്. ചെറിയ പൊട്ടിത്തെറി ശബ്ദം കേട്ടാണു നാട്ടുകാര്‍ പാഞ്ഞെത്തിയത്. ടയര്‍ പൊട്ടിയ ശബ്ദമാണെന്നാണു പലരുംആദ്യം കരുതിയത്.വാതകച്ചോര്‍ച്ച അറിഞ്ഞ് കമ്പനി ഗേറ്റിനടുത്തെത്തിയ നാട്ടുകാരെ ഗേറ്റില്‍ തടഞ്ഞു. അപകടത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ ഉദ്യോഗസ്ഥരാരും തയ്യാരായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകുമ്പോള്‍ എന്തുചെയ്യണമെന്നു വ്യവസായ മേഖലയിലെ കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞ് തരാറില്ലെന്നാണു നാട്ടുകാരുടെ പരാതി.
നാട്ടുകാരെ പ്രവേശിപ്പിക്കാതെ കമ്പനി ഗേറ്റ് പൂട്ടിയതു നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിനിടയാക്കി. സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പൊലിസ് ഉദ്യോഗസ്ഥരെത്തിയാണു ഗേറ്റിനു സമീപം കൂടിനിന്നവരെ മാറ്റാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാര്‍ മാറാന്‍ കൂട്ടാക്കിയില്ല.
ഡി.സി.പി അരുള്‍ ബി,കൃഷ്ണ, എ.സി.പി ലാല്‍ജി, ഫാക്ടറീസ് ആന്‍ഡ് ബോയിലേവ്‌സ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ് മണി, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.ടി റെജി, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റി കെ.കെ ഇബ്രാഹിംകുട്ടി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥ്, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ബി.ജെ.പി നേതാക്കളായ എന്‍.പി ശങ്കരന്‍കുട്ടി,എന്‍.കെ മോഹന്‍ദാസ് പോലീസ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്പക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."