ബ്രെക്‌സിറ്റ്: ബ്രിട്ടീഷ് സര്‍ക്കാറിനെ കോടതി പരാജയപ്പെടുത്തി
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്താക്കലിന് വഴിയൊരുക്കിയ ഹിതപരിശോധനയായ ബ്രെക്‌സിറ്റിന് പാര്‍ലമെന്റ് അംഗീകാരം വേണമെന്ന് ലണ്ടന്‍ ഹൈക്കോടതി വിധി. ഇതോടെ യു.കെയിലെ ജനങ്ങള്‍ എഴുതിയ വിധി വെറുതെയായേക്കുമെന്ന് സൂചന. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി പറഞ്ഞു.
കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. 2017 മാര്‍ച്ച് ആവുമ്പോഴേക്കും യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തു പോകല്‍ പൂര്‍ത്തിയാക്കാനായിരുന്നു തേരേസ മേ സര്‍ക്കാരിന്റെ തീരുമാനം.
ചീഫ് ജസ്റ്റിസ് ജോണ്‍ തോമസാണ് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്. ബ്രിട്ടനില്‍ ഭരണഘടനയുടെ അടിസ്ഥാനം പാര്‍ലമെന്റാണ്. അതിനാല്‍ ഏത് തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പും പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം ബ്രിട്ടന്‍ കൈക്കൊണ്ടത്.
അതിന് പിന്നാലെ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കുകയും ചെയ്തു. ബ്രെക്‌സിറ്റിന് അനുകൂലമായി ജൂണ്‍ 23ന് 48ന് എതിരെ 52 ശതമാനം പേര്‍ വോട്ട് ചെയ്തായിരുന്നു വിജയിപ്പിച്ചത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റുകളും പ്രതിപക്ഷമായ ലേബറും ലിബര്‍ ഡെമോക്രാറ്റുകളും ബ്രെക്‌സിറ്റിന് എതിരായിരുന്നതിനാല്‍ പാര്‍ലിമെന്റില്‍ ബ്രെക്‌സിറ്റ് വിജയിച്ചേക്കില്ലെന്നു വ്യക്തമായതോടെയാണ് ഹിതപരിശോധനയിലെത്തിയത്. കോടതി വിധി വന്നതോടെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അമേരിക്കയും അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ ആഹ്ലാദത്തിലാണ്. കോടതി വിധി വന്ന ഉടന്‍ ഓഹരി വിപണിയില്‍ മാത്രമല്ല പൗണ്ടിനും വില ഉയര്‍ന്നു. ജനവിധിയില്‍ ഉറച്ച് നില്‍ക്കുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കലുമായി മുമ്പോട്ടുപോകാന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും തെരേസ മേ പറയുന്നുണ്ടെങ്കിലും ഭാവി കണ്ടറിയേണ്ടിവരും.
ഗിന മില്ലെറിന്റെ നേതൃത്വത്തിലുള്ള നിരവധിപേര്‍ സമര്‍പ്പിച്ച ഹരജിയുടെ മേലാണ് ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്.
പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. 800ഓളം ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് യൂറോപ്യന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."