അനധികൃത ടാക്‌സികള്‍ക്ക് എതിരേ നടപടി തുടങ്ങി
കാക്കനാട്: സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി മഞ്ഞ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ടാക്‌സിയായി ഓടുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞദിവസം ഇത്തരത്തില്‍ വല്ലാര്‍പാടത്തിന് സമീപം ഒരു കാര്‍ പിടികൂടി. പെര്‍മിറ്റ് ക്രമക്കേടു കാണിച്ചതിന് ഈ വാഹന ഉടമയ്‌ക്കെതിരേ നടപടിയെടുത്തു.
ഉടമ കാര്‍ വാങ്ങിയപ്പോള്‍ സ്വകാര്യ വാഹനമായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വെള്ള നമ്പര്‍ പ്ലേറ്റിന് പകരം ടാക്‌സി കാറിന്റെ മഞ്ഞ നമ്പര്‍ പ്ലേറ്റാണ് വാഹനത്തിന്റെ മുന്‍പിലും പിറകിലും ഉപയോഗിച്ച് ഓടിച്ചതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് തോമസ് പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വാടകയ്‌ക്കെടുക്കുന്ന ഔദ്യോഗിക വാഹനങ്ങളില്‍ മിക്കതും കള്ള ടാക്‌സികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മേലുദ്യോഗസ്ഥര്‍ അവര്‍ക്ക് താത്പര്യമുള്ളവരുടെ സ്വകാര്യവാഹനങ്ങള്‍ ഔദ്യോഗിക വാഹനമാക്കി മാറ്റുകയാണ്.
ഔദ്യോഗിക വാഹനമില്ലെങ്കില്‍ സര്‍ക്കാര്‍വകുപ്പുകള്‍ക്ക് കരാര്‍ പ്രകാരം വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാം. ഇതിന് ടെന്‍ഡര്‍ വിളിക്കണം. ടാക്‌സി വാഹനങ്ങളെയാണ് ഇതിനായി പരിഗണിക്കേണ്ടത്. എന്നാല്‍ വകുപ്പ് മേധാവിക്ക് താത്പര്യമുള്ള വാഹനം മാത്രമാകും ടെന്‍ഡറില്‍ യോഗ്യത നേടുക. സ്വകാര്യവാഹനങ്ങള്‍ക്കും ഇത്തരത്തില്‍ കരാര്‍ ലഭിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും ഇത്തരത്തില്‍ കരാര്‍ നല്‍കുന്നുണ്ട്. ഭാര്യയുടെയും മക്കളുടെയും ഉടമസ്ഥതയിലുള്ള സ്വകാര്യവാഹനം ഔദ്യോഗിക വാഹനമാക്കി മാറ്റിയവര്‍ വരെയുണ്ട്. മാസം അരലക്ഷം രൂപയ്ക്ക് മേല്‍ വാടക ലഭിക്കും. കേന്ദ്രസംസ്ഥാന പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി രൂപവത്കരിച്ച സ്ഥാപനങ്ങളിലാണ് ക്രമക്കേടുകള്‍ വ്യാപകമെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."