മാതാവിന്റെ കൊല: മകനെ കോടതി വിട്ടയച്ചു
തലശ്ശേരി: അമ്മയെ കൊന്ന കേസില്‍ പ്രതിയായ മകനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വിട്ടയച്ചു. ശ്രീകണ്ഠപുരം ചിമ്മിണിയാന്‍ കൂട്ടമുഖത്ത് ചിന്നമ്മ(58)യെ അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മകന്‍ ജിനേഷ് എബ്രഹാമിനെ തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.വി രാജകുമാര വിട്ടയച്ചത്. 2012 സെപ്റ്റംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. വിവാഹത്തിന് തടസം നിന്നതാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. അടി കൊണ്ട് നിലത്തു വീണ ചിന്നമ്മ നിലവിളിച്ചപ്പോള്‍ തലയില്‍ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മാനസിക രോഗിയായ പ്രതി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.
വര്‍ഗീയതക്കെതിരേ ജാഗ്രത പുലര്‍ത്തണം: മഹിളാ അസോ. സമ്മേളനം
കാഞ്ഞങ്ങാട്: കോര്‍പറേറ്റ് പിന്തുണയോടെ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനു ശ്രമിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍. ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഉറിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശക്തമായ തിരിച്ചടി അനിവാര്യമായിരുന്നു. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു നയതന്ത്ര ചര്‍ച്ച ആരംഭിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഗോരക്ഷാസമിതിയുടെ നേതൃത്വത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിതരെയും പരസ്യമായി ആക്രമിക്കുകയാണ്. മറുഭാഗത്തു മതന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞു വര്‍ഗീയത ശക്തിപ്പെടുത്താനുള്ള ശ്രമം ശക്തമാക്കികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നടക്കം തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം സംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നുവരുന്ന സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."