പൊലിസ്-വനംവകുപ്പ് ചേരിപ്പോര്
അഗളി: അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കൃഷി ചെയ്തിരുന്ന 400 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചുവെന്ന അഗളി പൊലിസിന്റെ വാദം ഊതിപ്പെരുപ്പിച്ചതാണെന്ന് വനംവകുപ്പ്. നാല്‍പ്പതില്‍ താഴെ ചെടികള്‍ മാത്രമാണ് അഗളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. അത് നശിപ്പിച്ചതിനെയാണ് പൊലിസ് 400 എണ്ണമാക്കി അവതരിപ്പിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
മുന്‍കാലങ്ങളില്‍ കൃഷി ചെയ്തതിന്റെ അവശിഷ്ടങ്ങളില്‍ നിന്നും മുളപൊട്ടിയൊ ആദിവാസികള്‍ സ്വന്തം ഉപയോഗത്തിന് വീട്ടുവളപ്പില്‍ ചെറിയ തോതില്‍ കൃഷി ചെയ്യുന്നതോ ആയ ചെറിയ കഞ്ചാവ് ചെടിക്കൂട്ടങ്ങള്‍ അട്ടപ്പാടിയില്‍ അങ്ങിങ്ങ് ഉണ്ട് എന്നത് വാസ്തവമാണ്. അത് ശ്രദ്ധയില്‍പെടുന്ന മുറയ്ക്ക് നശിപ്പിക്കാറുമുണ്ട്. എന്നാല്‍ പൊലിസ് പറയുന്നതുപോലെ 400 ചെടികള്‍ നട്ടുവളര്‍ത്താന്‍ ഒരുതരത്തിലും അട്ടപ്പാടി പ്രദേശത്ത് കഴിയുന്ന സാഹചര്യമില്ലെന്നും നിരന്തര പരിശോധനയും ആള്‍പ്പെരുമാറ്റവുമുള്ള മേഖലയില്‍ വ്യാപകതോതില്‍ കൃഷി ചെയ്യാന്‍ ആദിവാസികള്‍ക്കൊ പുറത്തുനിന്നുള്ളവര്‍ക്കൊ കഴിയില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം 40 കഞ്ചാവ് ചെടികള്‍ വിളവെടുപ്പാകാറായിട്ടും കണ്ടെത്താതെപോയത് ജോലിയിലുള്ള കാര്യശേഷിയില്ലായ്മകൊണ്ടാണെന്ന കുറ്റത്തില്‍ ആദിവാസികളും വനംവകുപ്പ് ജീവനക്കാരുമായ ഭവാനി റേഞ്ചിലെ മിത്തലന്‍, ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍മാരായ മുരുകന്‍, മരുതന്‍ എന്നിവരെ അന്വേഷണ വിധേയമായി വനംവകുപ്പ് പിരിച്ചുവിട്ടു. മൂന്നുപേരും ദിവസക്കൂലിക്കാരായാണ് വനംവകുപ്പില്‍ സേവനം അനുഷ്ടിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് കഴിയാത്തത് പൊലിസിന് കഴിഞ്ഞതിലെ ജാള്യത മറക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നാണ് പൊലിസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."