ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ ടെക്ക്നോപാര്‍ക്ക് ജീവനക്കാരിയുടെ പണം തട്ടി
കഠിനംകുളം: ടെക്നോപാര്‍ക്കിലെ സോഫ്ട്വെയര് എന്‍ജിനീയറുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ ഷോപ്പിങ് വഴി 29863 രൂപ തട്ടിയെടുത്തതായി പരാതി.
ടെക്നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയിലെ എന്‍ജിനിയര്‍ ഓഷ്യാനസ് ഫ്ളാറ്റില്‍ താമസിക്കുന്ന രശ്മി (36) ആണ് കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കിയത്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലുള്ള കോര്‍പറേറ്റ് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത് . ബാങ്കുമായി ബന്ധമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ് ഇന്‍ഷുറന്‍സില്‍ ചേര്‍ത്തതായി ബുധനാഴ്ച യുവതിക്കു മൊബൈല്‍ സന്ദേശം വന്നിരുന്നു. അതിന് താല്പര്യമില്ലെന്ന് കമ്പനിയെ അറിയിക്കുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം കമ്പനിയില്‍ നിന്നാണെന്നു പറഞ്ഞു വിളിച്ചയാള്‍ ഇന്‍ഷുറന്‍സ് കാന്‍സല്‍ ചെയ്യുന്നതിന് 10 രൂപ ഈടാക്കുമെന്നും മൊബൈലില്‍ വന്നിട്ടുള്ള ഒണ്‍ ടൈം പാസ് വേഡും എ.ടി.എം കാര്‍ഡ് നമ്പറും പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു. യുവതി വിവരങ്ങള്‍ കൈമാറി. പിന്നീട് സംശയം തോന്നി ബാലന്‍സ് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. നാല് തവണയായി ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയാണ് തുക തട്ടിയെടുത്തത്. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്തു. ബിഹാറില്‍ നിന്നാണ് തട്ടിപ്പു നടന്നതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."