ഇലക്ട്രിക് പോസ്റ്റിലെ വള്ളിപ്പടര്‍പ്പ് അപകട ഭീഷണിയുയര്‍ത്തുന്നു
ചെന്ത്രാപ്പിന്നി: പാതയോരത്തെ ഇലക്ട്രിക് പോസ്റ്റില്‍ പടര്‍ന്നു നില്‍ക്കുന്ന വള്ളിപ്പടര്‍പ്പ് നാട്ടുകാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡിനോടു ചേര്‍ന്നുള്ള മാരാത്ത് റോഡിലാണ് അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ ഇലക്ട്രിക് പോസ്റ്റില്‍ വള്ളികള്‍ പടര്‍ന്നു നില്‍ക്കുന്നത്. യാത്രക്കാര്‍ക്ക് രാത്രി കാലങ്ങളില്‍ വെളിച്ചം ലഭിക്കുന്നതിന് വേണ്ടി രണ്ട് വഴിവിളക്കുകള്‍ ഈ പോസ്റ്റില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി വള്ളികള്‍ പടര്‍ന്നു നില്‍ക്കുന്നതിനാല്‍ വഴിവിളക്കുകള്‍ കൊണ്ട് ഉപകാരമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപകടകരമായ വളവിലാണ് ഈ പോസ്റ്റ് നില്‍ക്കുന്നത്. അതു കൊണ്ട് തന്നെ കാടുമൂടി നില്‍ക്കുന്ന പോസ്റ്റിലെ വഴിവിളക്കിന്റെ തെളിച്ചക്കുറവ് രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പ്രദേശത്തെ ഇലക്ട്രിക് ലൈനിലെ തടസങ്ങളെല്ലാം വെട്ടി നീക്കിയെങ്കിലും കാടുപിടിച്ചു കിടക്കുന്ന ഈ പോസ്റ്റ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇലക്ട്രിക് ലൈനില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വള്ളിപ്പടര്‍പ്പ് താങ്ങ് കമ്പിയിലൂടെ നിലത്ത് മുട്ടിക്കിടക്കുന്ന നിലയിലാണ്. അറിയാതെ ആരെങ്കിലും ഈ വള്ളികളില്‍ തൊട്ടാല്‍ വലിയ അപകടമാണ് സംഭവിക്കുക. അപകടകരമായ നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള വള്ളിക്കാടുകള്‍ നീക്കം ചെയ്ത് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."