മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ച് മാനേജറുടെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ച നിലയില്‍
കോഴിക്കോട്: മൂത്തൂറ്റ് ഫിനാന്‍സ് പൂവാട്ടുപറമ്പ് ബ്രാഞ്ച് മാനേജര്‍ ലല്ലത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെയാണ് സംഭവം. ലല്ലത്തിന്റേയും ഭര്‍ത്താവ് റായ് കട്ടക്കയം, അയല്‍വാസി ഷെറീഫ് എന്നിവരുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഇതില്‍ ലല്ലത്തിന്റെ സ്കൂട്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. ഇന്നലെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന അനുമാനത്തിലാണ് ലല്ലത്ത്. മുത്തൂറ്റ് ഫിനാന്‍സില്‍ ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സമരത്തില്‍ പൂവാട്ട്പറമ്പ് ബ്രാഞ്ച് പങ്കെടുത്തിരുന്നില്ല. നാലു പേരുള്ള ബ്രാഞ്ചില്‍ ഒരാള്‍ മാത്രമാണ് സമരത്തിന് പിന്തുണ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിക്കുകയും ഒരു സംഘം സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബ്രാഞ്ചില്‍ ഭീഷണിയുമായെത്തിയിരുന്നു. ലല്ലത്തിന് പൊലിസ് സംരക്ഷണം ലഭിച്ചതിനെത്തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ ബ്രാഞ്ചില്‍ മാത്രമേ സംരക്ഷണം നല്കാന് സാധിക്കുകയുള്ളൂവെന്ന വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെന്നും ലല്ലത്ത് പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."