ജി.എസ്.ടിയിലെ ഏക നിരക്ക് ഒരു തിരിച്ചുപോക്കാണെന്ന് തോമസ് ഐസക്
കൊച്ചി: ജി.എസ്.ടിയില്‍ ഏക നിരക്കേര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ ജി.എസ്.ടിയെ കുറിച്ചു നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്കു മാത്രമേ ഏക ജി.എസ്.ടി നിരക്ക് ഉള്ളൂ.
മൗലികവാദികള്‍ ഏക ജി.എസ്.ടി നിരക്കിനുവേണ്ടി വാദിച്ചേക്കാം. എന്നാല്‍, വ്യത്യസ്ത നിരക്കുകള്‍ വേണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആഡംബരങ്ങള്‍ക്കു ഉയര്‍ന്ന നിരക്കും അവശ്യവസ്തുക്കള്‍ക്കു കുറഞ്ഞ നിരക്കുമായി വ്യത്യസ്ത നിരക്കുകള്‍ സ്വീകരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ 40 ശതമാനം നികുതി നിരക്കുള്ള ആഡംബരങ്ങള്‍ക്ക് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കുറഞ്ഞ നിരക്കിലേക്കു കൊണ്ടുവരുന്നത് എന്തുകൊണ്ടെന്ന എന്റെ യുക്തിയെ ജി.എസ്.ടി കൗണ്‍സിലില്‍ ആരും ചോദ്യം ചെയ്തില്ലെന്നും മന്ത്രി വിശദീകരിച്ചു.
ജി.എസ്.ടി നമുക്കറിയാവുന്നതുപോലെ ദേശീയോത്പാദനത്തിലും ദേശീയ വരുമാനത്തിലും നാണ്യപ്പെരുപ്പത്തിലും ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ വരുമാനത്തില്‍ രണ്ട് ശതമാനം വര്‍ധനവുണ്ടാകുമെന്നത് ഒരു അതിശയോക്തിയായേക്കാം. എന്നാല്‍, ജി.എസ്.ടി നടപ്പാക്കുന്നതോടെ അത് ഉയരും. പ്രധാനമായും അത് തൊഴിലിന്റെ കൂടുതല്‍ കാര്യക്ഷമമായ വിതരണവും കയറ്റുമതിയുടെ ഒഴിവാക്കലും മൂലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്ടാതിഥിയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍. ഹിറഗംഗെ (ബംഗളൂരു), സുനില്‍ ഗബ്ബാവാല (മുംബൈ), അഡ്വക്കേറ്റ് വി. രഘുരാമന്‍ (ബംഗളൂരു), അശോക് ബാത്ര (ന്യൂഡല്‍ഹി), എ ജത്തിന്‍ ക്രിസ്റ്റഫര്‍ (ബംഗളൂരു) എന്നിവര്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെമ്പാടും നിന്നുള്ള 1500 ലെറെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുന്നു. ടി എന്‍ സുരേഷ്, ജോമോന്‍ കെ ജോര്‍ജ്, ലൂക്കോസ് ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. പി ടി ജോയ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."