മാര്‍ച്ചിലും അവനെത്തി, പുത്തന്‍ തലമുറയ്ക്ക് പരിസ്ഥിതി സന്ദേശം നല്‍കാന്‍
കോഴിക്കോട് : പൊരിവെയിലിനെ കൂസാതെ മുതലക്കുളം മൈതാനത്ത് തന്റെ സ്വതവേയുള്ള പുഞ്ചിരിയുമായി അവന്‍ കിടന്നപ്പോള്‍ മാര്‍ച്ചിനെത്തിയവരെല്ലാം അവന്റെ അരികിലെത്തി. അവനെക്കുറിച്ച് അറിയാവുന്നവര്‍ സ്‌നേഹാദരങ്ങളോടെ കുശലം പറഞ്ഞപ്പോള്‍ അറിയാത്തവര്‍ അറിയുന്നവരോടു തിരക്കി. മലപ്പുറത്തെ വെളിമുക്ക് സ്വദേശിയായ റഹീസ് ഹിദായയുടെ സ്ട്രക്ച്ചറിനടുത്തേക്ക്. ശരീരം തളര്‍ന്നെങ്കിലും റഹീസിന്റെ മനസ്സിന് പൂര്‍വാധികം ശക്തിയാണ്. ഇപ്പോള്‍ ഗ്രീന്‍ പാലിയേറ്റീവ് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് റഹീസ്. തന്റെ വാക്കുകളാണ് തന്റെ ശക്തി എന്ന് ആരുടെ മുന്നിലും പറയുന്ന റഹീസ് തന്നെ കാണാനെത്തുന്നവരോട് പുഞ്ചിരിയോടെ പറയും ഈ ഭൂമി നാം നമ്മുടെ കാരണവന്മാരോട് കടം വാങ്ങിയതാണ്. അത് ഒരു കേടുപാടുമില്ലാതെ വരും തലമുറയ്ക്ക് തിരിച്ചു നല്‍കണം. പരിസ്ഥിതി പരിപാടികള്‍ നടക്കുന്ന എല്ലായിടങ്ങളിലും റഹീസ് മുടങ്ങാതെ ചെല്ലും. സുഹൃത്തുക്കളാണ് റഹീസിന്റെ യാത്രയില്‍ കൂട്ടായുള്ളത്. 12 വര്‍ഷം മുന്‍പാണ് സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന് സാധനങ്ങള്‍ കയറ്റിയ വണ്ടിയുമായി പോകുമ്പോഴുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. കച്ചവടക്കാരനായ അബ്ദുറഹ്മാന്റെയും ഫാത്തിമയുടേയും മൂത്തമകനാണ് റഹീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."